പാലക്കാട് കോച്ച് ഫാക്ടറി: കാരണം കോൺഗ്രസ്

പാലക്കാട് കോച്ച് ഫാക്ടറി: കാരണം കോൺഗ്രസ്

വാഗ്ദാന ലംഘനങ്ങളുടെയും വികസന മുരടിപ്പിന്റെയും ചരിത്രം

പാലക്കാട്: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് പിന്നിൽ ഭരണാധികാരികളുടെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയും വീഴ്ചകളുമാണെന്ന് വ്യക്തമാകുന്നു.

തുടക്കം സേലം ഡിവിഷൻ വിഭജനത്തിൽ

​2007-ൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ മലബാറിനുണ്ടായ വലിയ നഷ്ടവും ജനരോഷവും തണുപ്പിക്കാനാണ് 2008-09-ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. എന്നാൽ പാലക്കാടിനൊപ്പം പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി നിർമ്മാണം പൂർത്തിയാക്കി ഉത്പാദനം ആരംഭിച്ചപ്പോഴും പാലക്കാട് പദ്ധതി കടലാസിലൊതുങ്ങി.

PPP മാതൃക തിരിച്ചടിയായി

​പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) പദ്ധതി നടപ്പാക്കാനായിരുന്നു അന്നത്തെ യു.പി.എ സർക്കാരിന്റെ തീരുമാനം. എന്നാൽ അനുയോജ്യരായ സ്വകാര്യ പങ്കാളികളെ കണ്ടെത്താൻ റെയിൽവേയ്ക്ക് സാധിച്ചില്ല. സംസ്ഥാനത്ത് നിന്ന് ഇ. അഹമ്മദ് ഉൾപ്പെടെ എട്ട് കേന്ദ്രമന്ത്രിമാരും റെയിൽവേ സഹമന്ത്രിസ്ഥാനവും ഉണ്ടായിരുന്നിട്ടും 2008 മുതൽ 2014 വരെയുള്ള കാലയളവിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.

​സംസ്ഥാന സർക്കാർ പദ്ധതിക്കായി 239 ഏക്കറോളം ഭൂമി ഏറ്റെടുത്ത് നൽകിയിട്ടും കേന്ദ്ര റെയിൽവേ മന്ത്രാലയം തനത് ഫണ്ട് ഉപയോഗിച്ച് ഫാക്ടറി നിർമ്മിക്കാൻ തയ്യാറായില്ല. തുടർന്നുവന്ന എൻ.ഡി.എ സർക്കാരാകട്ടെ, രാജ്യത്ത് നിലവിൽ കോച്ചുകളുടെ ഉത്പാദനം ആവശ്യത്തിലധികമുണ്ടെന്ന സാങ്കേതിക കാരണം പറഞ്ഞ് പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുകയാണുണ്ടായത്.

തുടരുന്ന വഞ്ചനയും എയിംസ് (AIIMS) ആവശ്യവും

​1980-കളിൽ പാലക്കാടിന് ലഭിക്കേണ്ടിയിരുന്ന കോച്ച് ഫാക്ടറി പഞ്ചാബിലെ കപൂർത്തലയിലേക്ക് മാറ്റിയതിന് സമാനമായ തിരിച്ചടിയാണ് കഞ്ചിക്കോട് പദ്ധതിക്കും നേരിടേണ്ടിവന്നത്.

​നിലവിൽ കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമി റെയിൽവേയുടെ കൈവശം വെറുതെ കിടക്കുകയാണ്. റെയിൽവേ ഫാക്ടറി ഉപേക്ഷിച്ച സാഹചര്യത്തിൽ, ഈ ഭൂമി ഉപയോഗപ്പെടുത്തി കേരളത്തിന് അർഹതപ്പെട്ട എയിംസ് (AIIMS) പാലക്കാട് സ്ഥാപിക്കാൻ ജനപ്രതിനിധികളും ഭരണാധികാരികളും ഒന്നിച്ച് സമ്മർദ്ദം ചെലുത്തണമെന്നാണ് നാടിന്റെ ആവശ്യം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ടീയ ആരോപണപ്രത്യാരോപണങ്ങൾക്ക് പകരം പ്രായോഗികമായ വികസന പദ്ധതികൾക്കായി ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published.