തൃശൂർ: തകരാറിലായ മൊബൈൽ ഫോൺ റിപ്പയർ ചെയ്ത് തിരികെ നൽകിയെന്ന കമ്പനികളുടെ വാദം തെളിയിക്കാനാകാതെ വന്നതിനെ തുടർന്ന് ഉപഭോക്താവിന് ഫോണിന്റെ വിലയായ 67,900 രൂപയും 9 ശതമാനം പലിശയും 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാൻ തൃശൂർ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.
മൂർക്കനിക്കര വടക്കൂട്ട് വീട്ടിൽ സുരേഷ് വി.ആർ. സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സാംസങ് ടി.വി.എസ്. ഇലക്ട്രോണിക്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്കും ന്യൂഡൽഹിയിലെ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെയാണ് പരാതി.
67,900 രൂപയ്ക്ക് വാങ്ങിയ മൊബൈൽ ഫോൺ ഉപയോഗിച്ചുവരുന്നതിനിടെ ബാറ്ററിയിൽ ചാർജ് നിലനിൽക്കാത്ത തകരാർ ഉണ്ടായതിനെ തുടർന്ന് പരാതിക്കാരൻ കമ്പനിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഫോൺ എതിർകക്ഷികൾ വാങ്ങിക്കൊണ്ടുപോയി. പിന്നീട് മദർബോർഡും ബാറ്ററിയും മാറ്റിയതായി അറിയിച്ചെങ്കിലും ഇക്കാര്യം മുൻകൂട്ടി പരാതിക്കാരനെ അറിയിച്ചിരുന്നില്ലെന്നും ഫോൺ തിരികെ ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ഫോൺ പരാതിക്കാരന് തിരികെ നൽകിയതായി എതിർകക്ഷികൾ വാദിച്ചെങ്കിലും അത് തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കമ്മീഷൻ വിലയിരുത്തി. ഇതോടെ എതിർകക്ഷികളുടെ ഭാഗത്തുനിന്നുണ്ടായത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി.
പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ ശ്രീജ എസ്., ആർ. രാംമോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്. ഹർജി തീയതി മുതൽ 9 ശതമാനം പലിശ സഹിതം 67,900 രൂപയും 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണമെന്നാണ് ഉത്തരവ്.
പരാതിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി വാദിച്ചു.
സാംസങ് ടി.വി.എസ്. ഇലക്ട്രോണിക്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്കും ന്യൂഡൽഹിയിലെ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെയാണ് പരാതി.

Leave a Reply