പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി

പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും സൗജന്യ യാത്രാ സൗകര്യം നല്‍കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതി തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയില്‍ പ്രത്യേകം സജ്ജമാക്കിയ ബസിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. കെഎസ്ആര്‍ടിസിയുടെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഷീല ഉദ്ഘാടനദിന സര്‍വീസ് ഓടിച്ചു. ബസിലെ കണ്ടക്ടറും വനിതയായിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ ഇരുപതോളം വിശിഷ്ടാതിഥികള്‍ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തു. തമ്പാനൂരില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്കാണ് ഉദ്ഘാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തുടനീളം 3,125 കെഎസ്ആര്‍ടിസി ബസുകളിലാണ് പദ്ധതിയുടെ ഭാഗമായി സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ഇതിനായി ഓര്‍ഡിനറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഏഴ് ഉപവിഭാഗങ്ങളിലെ സര്‍വീസുകളുടെ പട്ടിക കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ സര്‍വീസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പൊതുഗതാഗത രംഗത്ത് സ്ത്രീസൗഹൃദ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പായാണ് പദ്ധതിയെ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published.