സമാധാന ധാരണ: രൂപയ്ക്ക് കരുത്താകും

സമാധാന ധാരണ: രൂപയ്ക്ക് കരുത്താകും

ഇന്ത്യന്‍ രൂപയ്ക്കും ബോണ്ട് വിപണിക്കും കരുത്താകും; ഫെഡ് തീരുമാനം ഉറ്റുനോക്കി നിക്ഷേപകര്‍

മുംബൈ: അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ധാരണയിലേക്ക് നീങ്ങിയതോടെ ഇന്ത്യന്‍ രൂപയ്ക്കും സര്‍ക്കാര്‍ ബോണ്ട് വിപണിക്കും ഈ ആഴ്ച അനുകൂല സാഹചര്യമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, അന്താരാഷ്ട്ര എണ്ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ രൂപയുടെ ദിശ നിര്‍ണയിക്കുന്ന പ്രധാന ഘടകമായി തുടരുമെന്നാണ് പ്രതീക്ഷ.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായ കെവിന്‍ വാഷിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ധനനയ പ്രഖ്യാപനവും നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി തുടര്‍ന്ന നേട്ടങ്ങള്‍ക്ക് വിരാമമിട്ട് നേരിയ ഇടിവ് നേരിട്ടെങ്കിലും, പുതിയ ആഴ്ചയിലേക്ക് ഇന്ത്യന്‍ രൂപ അനുകൂല സാഹചര്യത്തിലാണ് പ്രവേശിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണല്‍ ട്രെംമ്പും ഇറാന്റെ ഉപ വിദേശകാര്യ മന്ത്രിയും യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള ധാരണയിലെത്തിയതായി അറിയിച്ചതോടെയാണ് ആഗോള ധനവിപണികളില്‍ ആശ്വാസം പടര്‍ന്നത്. ഇതോടെ അപകടസാധ്യതയുള്ള നിക്ഷേപ ആസ്തികള്‍ക്ക് ആവശ്യകത വര്‍ധിക്കുകയും എണ്ണവിലയില്‍ കുത്തനെ ഇടിവുണ്ടാകുകയും ചെയ്തു.

വെള്ളിയാഴ്ച ഡോളറിനെതിരെ 95.11 എന്ന നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യന്‍ രൂപ, തിങ്കളാഴ്ച വിപണി തുറക്കുമ്പോള്‍ 95 എന്ന നിലവാരത്തേക്കാള്‍ മെച്ചപ്പെട്ട നിലയിലെത്തുമെന്നാണ് വിപണി വിലയിരുത്തല്‍.

കഴിഞ്ഞ ആഴ്ച എണ്ണക്കമ്പനികളില്‍ നിന്നും മറ്റ് ഇറക്കുമതിക്കാരില്‍ നിന്നുമുള്ള ഡോളര്‍ ആവശ്യകത രൂപയ്ക്ക് സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടലും അമേരിക്ക-ഇറാന്‍ സമാധാന കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകളും രൂപയുടെ ഇടിവ് നിയന്ത്രിക്കാന്‍ സഹായിച്ചു.

ഇതിനൊപ്പം, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ധനനയ പ്രഖ്യാപനവും വിപണികളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും. പലിശനിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് പൊതുവായ പ്രതീക്ഷ. എന്നാല്‍ ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ പ്രസ്താവനകളും പുതുക്കിയ സാമ്പത്തിക പ്രവചനങ്ങളും ഭാവിയിലെ പലിശനിരക്ക് നയങ്ങളെക്കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ നല്‍കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

അമേരിക്ക-ഇറാന്‍ സംഘര്‍ഷം ശമിക്കുകയും എണ്ണവില സ്ഥിരത കൈവരിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ രൂപയ്ക്കും ബോണ്ട് വിപണിക്കും കൂടുതല്‍ കരുത്ത് ലഭിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published.