തിരുവനന്തപുരം: പാങ്ങോട് മന്നാനിയ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ കെഎസ്യു- എസ്എഫ്ഐ സംഘർഷം. കെഎസ്യു വിജയാഹ്ലാദപ്രകടനത്തിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. എസ്എഫ്ഐയുടെ കൊടിയും ഫ്ലക്സും കെഎസ്യു നശിപ്പിച്ചു. സംഘർഷത്തിനിടയിൽ പൊലീസ് ലാത്തി വീശി.
വിജയാഹ്ലാദപ്രകടനത്തിന് നേരെ എസ്എഫ്ഐ ആക്രമണം നടത്തുകയായിരുന്നുവെന്ന് കെഎസ്യു ആരോപിച്ചു. എന്നാൽ സംഘർഷത്തിന് തുടക്കമിട്ടത് കെഎസ്യു ആണെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പരിക്കേറ്റവരുമായി കെഎസ്യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യുവാണ് വിജയിച്ചത്. ഈ ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സംഘർഷം. ആഹ്ലാദ പ്രകടനത്തിനിടെ തങ്ങളുടെ കൊടിതോരണങ്ങളും ഫ്ലക്സും കെഎസ്യു പ്രവർത്തകർ തകർത്തതായി എസ്എഫ്ഐ ആരോപിച്ചു.
എന്നാൽ വിജയാഹ്ലാദപ്രകടനത്തിനു നേരെ എസ്എഫ്ഐ മനപൂർവ്വം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കെഎസ്യു പ്രവർത്തകർ പറഞ്ഞു.
സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും മൂന്ന് കെഎസ്യു പ്രവർത്തകർക്കും ഒരു പൊലീസുകാരനുമാണ് പരിക്കേറ്റത്. പരിക്കേറ്റവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Leave a Reply