തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി ദീപാലങ്കാരങ്ങൾ നടത്തുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ കർശന ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. നിർദേശിച്ചു. ഉത്സവ ആവശ്യങ്ങൾക്കായി താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെ.എസ്.ഇ.ബിയുടെ അനുമതിയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതിയും നിർബന്ധമാണ്. അനുമതിയില്ലാതെ എക്സ്റ്റൻഷൻ എടുക്കുന്നത് നിയമവിരുദ്ധമാണ്.
താത്കാലിക കണക്ഷനുകളുടെ തുടക്കത്തിൽ പ്രവർത്തനക്ഷമമായ RCCB/ELCB ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജനറേറ്റർ ഉപയോഗിച്ചോ അല്ലാതെയോ ദീപാലങ്കാരം നടത്തുന്നത് ലൈസൻസുള്ള അംഗീകൃത കോൺട്രാക്ടർമാർ മുഖേന മാത്രമായിരിക്കണം. വൈദ്യുതി ജോലികൾ ചെയ്യുന്നതിന് മുമ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ടെന്നും ജനറേറ്ററിൽ നിന്നുള്ള വൈദ്യുതി കടന്നുവരുന്നില്ലെന്നും ഉറപ്പാക്കണം.
വൈദ്യുതിലൈനുകൾക്ക് സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളിൽ ഇൻസുലേഷൻ നഷ്ടപ്പെട്ടതോ ജോയിന്റുകളുള്ളതോ ആയ വയറുകൾ ഉപയോഗിക്കരുത്. വിളക്കുകൾ കൈയെത്താത്ത ഉയരത്തിൽ സ്ഥാപിക്കുകയും ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ എന്നിവ വൈദ്യുതിലൈനുകളിൽ നിന്ന് സുരക്ഷിത അകലം പാലിച്ച് സ്ഥാപിക്കുകയും വേണം.
വയറിൽ മൊട്ടുസൂചിയോ സേഫ്റ്റി പിനോ ഉപയോഗിച്ച് കണക്ഷൻ എടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായി ഇൻസുലേറ്റ് ചെയ്യാത്തതും അപകടകരമാണ്. ഗുണമേന്മയുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ.
ആനയെഴുന്നള്ളിപ്പ്, കെട്ടുകാഴ്ചകൾ, കരിമരുന്ന് പ്രയോഗം എന്നിവയിലും വൈദ്യുതിലൈനുകളിൽ നിന്ന് സുരക്ഷിത അകലം പാലിക്കണം. വൈദ്യുതിലൈനുകൾക്ക് സമീപമോ അടിയിലൂടെയോ വയറുകൾ അലക്ഷ്യമായി വലിക്കുകയോ എറിയുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply