അൽഫോൺസ കോളേജിന്റെ അനധികൃത മണ്ണെടുപ്പ്: 20 ഓളം കുടുംബങ്ങൾ ഭീതിയിൽ

അൽഫോൺസ കോളേജിന്റെ അനധികൃത മണ്ണെടുപ്പ്: 20 ഓളം കുടുംബങ്ങൾ ഭീതിയിൽ

അധികൃതർ ഒത്തുകളിക്കുന്നതായി ആരോപണം

യാസിൻ ഒമർ

സുൽത്താൻ ബത്തേരി: വയനാട്ടിൽ അതിശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്നതിനിടെ, സുൽത്താൻ ബത്തേരി അൽഫോൺസ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഗ്രൗണ്ട് നിർമ്മാണത്തിനായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ കുന്നുകൂട്ടിയിട്ടിരിക്കുന്ന മണ്ണ് പ്രദേശവാസികൾക്ക് വൻ ഭീഷണിയാകുന്നു. ചെങ്കുത്തായ ഇറക്കത്തിൽ യാതൊരുവിധ കട്ടിംഗ്, ഫില്ലിംഗ് പെർമിറ്റുകളും ഇല്ലാതെയാണ് വൻതോതിൽ മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിന്റെ താഴ്വാരത്ത് തിങ്ങിപ്പാർക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ ജീവനും സ്വത്തുമാണ് കോളേജ് അധികൃതരുടെ അനാസ്ഥമൂലം അപകടത്തിലായിരിക്കുന്നത്.
മഴ കനത്തു; ആളുകളെ മാറ്റിപ്പാർപ്പിച്ചു
ഇന്നലെ പെയ്ത അതിശക്തമായ മഴയെത്തുടർന്ന് അപകടസാധ്യത കണക്കിലെടുത്ത് ഇവിടെനിന്നും ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും ഇടപെടുകയും കോളേജിന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കേവലം നിർമ്മാണ പ്രവൃത്തികൾ നിർത്തിവെച്ചതുകൊണ്ട് മാത്രം താഴ്വാരത്തെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാകില്ലെന്നും, അപകടകരമായ രീതിയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പൂർണ്ണമായും അവിടെനിന്നും നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സ്റ്റോപ്പ് മെമ്മോ നൽകി ഉദ്യോഗസ്ഥർ വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായും ശക്തമായ ആക്ഷേപമുണ്ട്.

ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്
കുപ്പാടി വില്ലേജ് ഓഫീസർ സുൽത്താൻ ബത്തേരി തഹസിൽദാർക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ തന്നെ ഗുരുതരമായ വിവരങ്ങളാണുള്ളത്. യാതൊരുവിധ ശാസ്ത്രീയ പരിശോധനയോ അഭിപ്രായമോ തേടാതെയാണ് ഗ്രൗണ്ടിന്റെ വടക്ക് ഭാഗത്തായി ഏകദേശം 200 മീറ്റർ നീളത്തിലും 10-15 മീറ്റർ ഉയരത്തിലും മണ്ണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മണ്ണ് കൂട്ടിയിട്ടിരിക്കുന്നതിന്റെ 10-15 മീറ്ററിനുള്ളിൽ വീടുകൾ സ്ഥിതി ചെയ്യുന്നുണ്ടെന്നും, മഴ പെയ്യുമ്പോൾ മണ്ണിൽ വെള്ളം കെട്ടിനിന്ന് താഴെയുള്ള വീടുകൾക്ക് ഇത് ഭീഷണിയാണെന്നും ഉദ്യോഗസ്ഥൻ സമ്മതിക്കുന്നുണ്ട്. എന്നാൽ, ഈ നിർമ്മാണപ്രവർത്തനം ‘അനധികൃതമാണ്’ എന്ന് നേരിട്ട് രേഖപ്പെടുത്താതെ, മതിയായ അനുമതിയോടെയാണോ ചെയ്തതെന്ന് മറ്റ് വകുപ്പുകൾ പരിശോധിക്കട്ടെ എന്ന നിലപാടാണ് വില്ലേജ് ഓഫീസർ സ്വീകരിച്ചിട്ടുള്ളത്. ഇത് നിയമലംഘകർക്ക് പഴുതുകൾ നൽകാനാണെന്ന് സംശയിക്കപ്പെടുന്നു. വലിയ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവിടെ പ്രവൃത്തികൾ നടന്നിട്ടുള്ളത്.

മുൻപ് ആദിവാസി കർഷകരെ ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തൽ
കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ നിയമലംഘനം ഇതാദ്യമല്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ മണ്ണെടുത്തപ്പോൾ സമീപത്ത് കൃഷി ചെയ്തിരുന്ന ആദിവാസി കർഷകരുടെ വയലുകളിലേക്ക് മണ്ണ് വീണ് അവരുടെ കൃഷി പൂർണ്ണമായും നശിച്ചിരുന്നു. അന്ന് ഇതിനെതിരെ പരാതി പറയാൻ ചെന്ന ആദിവാസികളെ കോളേജ് അധികൃതർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണുണ്ടായത്. എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ട കുറ്റമായിരുന്നിട്ടും അന്ന് അധികൃതർ മൗനം പാലിച്ചു.

മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടൽ
പ്രദേശത്തെ ഗുരുതരാവസ്ഥ പ്രാദേശിക വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്റർ (SHRPC) പ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇത് പൗരന്മാരുടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സംഘം വിലയിരുത്തി. അനധികൃതമായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കോളേജിന്റെ സ്വന്തം ചെലവിൽ അടിയന്തരമായി നീക്കം ചെയ്ത് പ്രദേശം പൂർവ്വസ്ഥിതിയിലാക്കണമെന്നും, നിയമലംഘനത്തിന് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആദിവാസി കർഷകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉടൻ തന്നെ ഔദ്യോഗിക പരാതി നൽകാനാണ് തീരുമാനം. നിയമലംഘകർക്ക് കുടപിടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്റർ വ്യക്തമാക്കി.

Leave a Reply

Your email address will not be published.