പ്രിയദർശിനി കാലൻ ആകുന്നു

പ്രിയദർശിനി കാലൻ ആകുന്നു

മലക്കപ്പാറ കെ.എസ്.ആർ.ടി.സി സർവീസുകൾ യാത്രക്കാരുടെ അന്ധകനാകുന്നു; കണ്ണ് തുറക്കാതെ അധികൃതർ

രവി മേലൂർ

​ചാലക്കുടി: വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും പ്രിയപ്പെട്ട സഞ്ചാരപാതയായ ചാലക്കുടി–മലക്കപ്പാറ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുന്നതായി പരാതി. അതീവ അപകടസാധ്യതയുള്ള മലയോര പാതയിലൂടെ യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് ബസ്സുകൾ സർവീസ് നടത്തുന്നതെന്ന് പ്രദേശവാസിയും പൊതുപ്രവർത്തകനുമായ രവി മേലൂർ ആരോപിച്ചു.
​കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രവും നിരവധി ആദിവാസി ഊരുകളും വന്യമൃഗങ്ങളും നിറഞ്ഞതുമായ മലക്കപ്പാറയിലേക്ക് ദിവസേന നാല് സർവീസുകളാണ് ഉള്ളത്. ഇതിൽ ചാലക്കുടിയിൽ നിന്ന് രാവിലെ 8.10-നും ഉച്ചയ്ക്ക് 12.50-നും പുറപ്പെടുന്ന ബസ്സുകളിലാണ് കടുത്ത തിരക്ക് അനുഭവപ്പെടുന്നത്. 51 സീറ്റുകൾ മാത്രമുള്ള ബസ്സുകളിൽ 100 മുതൽ 140 വരെ യാത്രക്കാരെയാണ് കുത്തിനിറച്ച് കൊണ്ടുപോകുന്നത്. ഇതിൽ 80 ശതമാനവും സ്ത്രീ യാത്രക്കാരാണ്.


​അതിരപ്പിള്ളി കഴിഞ്ഞാൽ ധാരാളം ഹെയർപിൻ വളവുകളും കുത്തനെയുള്ള കയറ്റങ്ങളുമുള്ള പാതയാണിത്. ചില വളവുകളിൽ ബസ് പിന്നിലേക്ക് എടുത്ത ശേഷമാണ് കയറ്റം കയറുന്നത്. പൂർണ്ണമായും ഫിറ്റ്നസ് ഇല്ലാത്ത ബസ്സുകളാണ് ഈ റൂട്ടിലേക്ക് അയക്കുന്നതെന്നും, ഇത് വയനാട് ചുരത്തിലുണ്ടായതിന് സമാനമായ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും യാത്രക്കാർ ഭയപ്പെടുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ചേരൻ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വലിയ അപകടമുണ്ടായ ചരിത്രവും ഈ പാതയ്ക്കുണ്ട്.
​ബസ് ജീവനക്കാർ തന്നെ വിഷയത്തിന്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ചിട്ടും അധികൃതർ തികഞ്ഞ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് ഫിറ്റ്നസുള്ള ബസ്സുകൾ മാത്രം അയക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും നടപടികൾ പ്രഹസനമായി ഒതുങ്ങി.
​മലയോര പാതയിലെ സുരക്ഷിതമല്ലാത്ത യാത്രയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സ്ഥലം എം.എൽ.എയ്ക്കും കെ.എസ്.ആർ.ടി.സി ചാലക്കുടി ഡി.ടി.ഒയ്ക്കും ആയിരിക്കുമെന്ന് യാത്രക്കാർ മുന്നറിയിപ്പ് നൽകുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി ചാലക്കുടി–മലക്കപ്പാറ റൂട്ടിൽ ബസ് സർവീസുകളുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കണമെന്നാണ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.

Leave a Reply

Your email address will not be published.