വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ഇതുവരെ ആയ ചിലവ് 3,750 കോടി (37.5 ബില്യൺ) ഡോളറിലെത്തിയതായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. ശക്തമായ വ്യോമാക്രമണം പുനരാരംഭിച്ചതിന് ശേഷം ജനപ്രിയമല്ലാത്ത ഈ യുദ്ധത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രതിനിധിസഭയെ സമീപിച്ചപ്പോഴാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.
വരവിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിനിൽക്കെ, യുദ്ധച്ചിലവുകളും സാമ്പത്തിക പ്രതിസന്ധിയും ഉയർത്തിക്കാട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ഡെമോക്രാറ്റുകൾ ശക്തമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
- അടിയന്തര ഫണ്ട്: യുദ്ധച്ചിലവുകൾ മുൻനിർത്തി ഏകദേശം 9,000 കോടി (90 ബില്യൺ) ഡോളറിന്റെ അധിക ഫണ്ട് ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- ബജറ്റ് നിർദ്ദേശം: 2027 സാമ്പത്തിക വർഷത്തേക്ക് 1.5 ട്രില്യൺ ഡോളറിന്റെ ബജറ്റാണ് പെന്റഗൺ ആവശ്യപ്പെടുന്നത്. ഇത് അനുവദിക്കാതിരിക്കുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി.
- സൈനികർ നേരിടുന്ന പ്രതിസന്ധി: പുതിയ ഫണ്ട് ലഭിച്ചില്ലെങ്കിൽ സൈനിക പരിശീലനങ്ങൾ ചുരുക്കേണ്ടിവരുമെന്നും, ഭാവിയിലേക്കുള്ള പ്രതിരോധ നിക്ഷേപങ്ങളെയും അറ്റകുറ്റപ്പണികളെയും ഇത് ബാധിക്കുമെന്നും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ മുന്നറിയിപ്പ് നൽകി.
- സെന്യത്തിലെ നാശനഷ്ടങ്ങൾ: യുദ്ധത്തിൽ ഇതുവരെ 18 യു.എസ് സൈനികർ കൊല്ലപ്പെടുകയും 430 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 7 മുതൽ ഇതുവരെ 100 പേർക്ക് പരിക്കേറ്റെങ്കിലും ഇതിൽ 96% പേരും ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചു.
രാഷ്ട്രീയ അനിശ്ചിതത്വം
അതിനിടെ, പെന്റഗണിന്റെ കണക്കുകളിൽ ഡെമോക്രാറ്റിക് ജനപ്രതിനിധികൾ കടുത്ത സംശയം പ്രകടിപ്പിച്ചു. ഭരണകൂടത്തിന്റെ വാക്കുകളിൽ വൈരുധ്യമുണ്ടെന്നും യുദ്ധം അവസാനിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഡെമോക്രാറ്റിക് സെനറ്റർ കിർസ്റ്റൺ ഗില്ലിബ്രാൻഡ് കുറ്റപ്പെടുത്തി.
താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ദിവസേന ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും, ഖാർഗ് ഐലൻഡ് എണ്ണകേന്ദ്രം പിടിച്ചെടുക്കാൻ കരസേനയെ അയക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ‘പിക്ക് ആക്സ് മൗണ്ടൻ’ എന്ന ഭൂഗർഭ ആണവനിലയം ഉടൻ തന്നെ തകർക്കുമെന്നും ചൊവ്വാഴ്ച ട്രംപ് വ്യക്തമാക്കി.

Leave a Reply