നീറ്റ് വിവാദം: യുവാക്കളുടെ ഭാവി വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല

നീറ്റ് വിവാദം: യുവാക്കളുടെ ഭാവി വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല

സ്വന്തം ലേഖകൻ

ന്യൂഡൽഹി (ജൂലൈ 21)നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ പേപ്പർ ചോർച്ചപോലുള്ള “ഗുരുതരമായ തെറ്റുകൾ” ചെയ്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുവാക്കളുടെ ഭാവി വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും വ്യക്തമാക്കി. നീറ്റ് വിവാദത്തിൽ തലസ്ഥാനത്ത് കടുത്ത പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയാണ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം വരുന്നത്.
ഇതൊരു കേവല രാഷ്ട്രീയ വിഷയമല്ലെന്നും ദേശീയ പ്രാധാന്യമുള്ള കാര്യമാണെന്നും അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തോളോട് തോൾ ചേർന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആഹ്വാനം ചെയ്തു. വിഷയത്തിൽ യുവാക്കളുടെ വിശ്വസ്തത നേടിയെടുക്കേണ്ടതുണ്ടെന്നും, എൻ.ഡി.എ എം.പിമാർ ജനങ്ങളുമായി കൂടുതൽ ഊഷ്മളമായ ബന്ധം പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ, നീറ്റ് ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധത്തെ തുടർന്ന് തലസ്ഥാനത്ത് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയും പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യുവാക്കളെയും പ്രതിഷേധക്കാരെയും തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി സംസാരിച്ചത്.

Leave a Reply

Your email address will not be published.