‘
കൊച്ചി: യുവതാരം നായകനായ ‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളില്‍ വിജയകരമായ ഏഴാം ദിനം പിന്നിട്ടിരിക്കുകയാണ്. ജൂണ്‍ 5-ന് ലോകമെമ്പാടുമായി റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ ശ്രദ്ധേയ പ്രകടനം തുടരുന്നതിനിടെ, ആഗോള ഗ്രോസ് കളക്ഷന്‍ 15 കോടി രൂപയ്ക്കരികിലെത്തിയതായി റിപ്പോര്‍ട്ടുകള്‍.
അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്ത ചിത്രത്തില്‍, തന്റെ ആദ്യ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാകാന്‍ സ്വപ്നം കാണുന്ന ഒരു യുവാവിന്റെ പോരാട്ടങ്ങളും പ്രതീക്ഷകളും വെല്ലുവിളികളും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു. സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ ഈ കഥ, റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ബോക്സ് ഓഫീസ് ട്രാക്കറായ ജെറിന് ജോര്‍ജ്കുട്ടി ജൂണ്‍ 12-ന് പങ്കുവെച്ച കണക്കുകള്‍ പ്രകാരം, റിലീസിന്റെ ആറാം ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം ഏകദേശം 66 ലക്ഷം രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ട്. ആദ്യ വാരാന്ത്യത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രവൃത്തി ദിനമായിരുന്നിട്ടും ചിത്രം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചുവെന്നാണ് വിലയിരുത്തല്‍.
നാലാം ദിവസത്തെ അപേക്ഷിച്ച് അഞ്ചാം ദിനത്തിലെ വരുമാനത്തില്‍ ഏകദേശം 19 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പ്രവൃത്തി ദിവസങ്ങളില്‍ സാധാരണയായി ഉണ്ടാകുന്ന ഇടിവിനിടയിലും ചിത്രം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് മാത്രം ആദ്യ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 6.68 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ വിപണിയില്‍ നിന്ന് ചിത്രം 1.22 കോടി രൂപ കൂടി സ്വന്തമാക്കിയിട്ടുണ്ട്.
വിദേശ വിപണികളിലും ചിത്രം മികച്ച സ്വീകാര്യതയാണ് നേടുന്നത്. വിദേശ റിലീസുകളില്‍ നിന്ന് ഏകദേശം 7.23 ലക്ഷം ഡോളര്‍ (ഏകദേശം 6.88 കോടി രൂപ) വരുമാനം നേടിയതായാണ് റിപ്പോര്‍ട്ട്.
കേരളവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും വിദേശ വിപണികളും ചേര്‍ന്ന് ‘മോളിവുഡ് ടൈംസ്’ ഇതിനോടകം തന്നെ 14.78 കോടി രൂപയിലേറെ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. അതോടെ, ചിത്രം ഉടന്‍ തന്നെ 15 കോടി ക്ലബ്ബിലേക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകളും സിനിമാ പ്രേമികളും.

Leave a Reply