തദ്ദേശ അദാലത്തിൽ ആശ്വാസം.വീടിന് നമ്പർ 30 ദിവസത്തിനകം

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ കാഞ്ഞൂർ സ്വദേശിയായ പോൾ ആന്റണിക്ക് തൃശൂർ തദ്ദേശ അദാലത്തിൽ ആശ്വാസം. മൂന്നു വർഷമായി പണി കഴിഞ്ഞു താമസിക്കുന്ന വീടിന് നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ 2024 ലെ റെഗുലൈസേഷൻ ചട്ടപ്രകാരം നൽകാനും ഇതിൽ 30 ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കാനും തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദേശം നൽകി.

1474 ചതുരശ്ര അടി വലിപ്പമുള്ള വീടാണ് പോൾ മൂന്നു വർഷം മുൻപ് നിർമ്മിച്ചത്. എന്നാൽ വീടിന് നമ്പർ അപേക്ഷ സമർപ്പിച്ചിട്ടും കിട്ടിയിരുന്നില്ല. പോളിന്റെ പരാതി കേട്ട ശേഷമാണ് 2024 റെഗുലറൈസേഷൻ ചട്ട പ്രകാരം പുതിയ അപേക്ഷ നൽകിയാൽ വീട്‌ നമ്പർ ക്രമവൽക്കരിക്കാവുന്നതാണ് എന്ന് മന്ത്രി നിർദ്ദേശിച്ചത്. അപേക്ഷ 30 ദിവസത്തിനുള്ളിൽ തീർപ്പു കൽപ്പിക്കാൻ പുതുക്കാട് ഗ്രാമപഞ്ചായത്തിന് മന്ത്രി പ്രത്യേകം നിർദേശം നൽകി. മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി കണക്കാക്കിയാണ് മന്ത്രിയുടെ നിർദേശം. തദ്ദേശ അദാലത്തിൽ പെട്ടന്ന് പരാതി തീർപ്പ് കല്പിച്ചതിന് മന്ത്രിക്ക് നന്ദി അറിയിച്ചാണ് 77വയസുള്ള പോൾ ആന്റണി തിരികെ പോയത്.

Leave a Reply

Your email address will not be published.