തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വർണ കപ്പിൽ മുത്തമിട്ട് തൃശൂർ. 1008 പോയിന്റുകള്‍ നേടിയാണ് തൃശൂരിന്റെ വിജയം.ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ കേരളത്തിന് അവതരിപ്പിക്കാന്‍ കഴിയുന്ന കാര്യമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തി.
അവസാനദിവസവും ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഫോട്ടോ ഫിനിഷിലേക്ക് എത്തിയ മത്സരത്തില്‍ ഒറ്റ പോയിന്‍റിനാണ് പാലക്കാടിന് സ്വർണക്കപ്പ് നഷ്ടമായത്. 1007 പോയിന്റോടെ പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. കണ്ണൂർ (1003) മൂന്നാം സ്ഥാനത്തും കോഴിക്കോട് (1000) നാലാം സ്ഥാനത്തുമാണ്. ആതിഥേയരായ തിരുവനന്തപുരം 957 പോയിന്‍റോടെ എട്ടാം സ്ഥാനത്താണ്.
എച്ച്‌എസ് ജനറല്‍ വിഭാഗത്തില്‍ 482 പോയിന്‍റോടെ തൃശൂരും പാലക്കാടും ഒപ്പത്തിനൊപ്പമെത്തി. 479 പോയിന്‍റാണ് ഈ വിഭാഗത്തില്‍ കണ്ണൂർ നേടിയത്. എച്ച്‌എസ്‌എസ് വിഭാഗത്തിലാണ് ഒരു പോയിന്‍റിന് തൃശൂർ മുന്നില്‍ കയറിയത്. തൃശൂർ 526 പോയിന്‍റും പാലക്കാട് 525 പോയിന്‍റും. പാലക്കാടുമായി ഒറ്റ പോയിന്‍റിന്‍റെ വ്യത്യാസമേ കണ്ണൂരിനും ഉണ്ടായിരുന്നുള്ളു, 524 പോയിന്‍റ്.
കലോത്സവത്തിന്റെ ആദ്യ ദിനം മുതല്‍ മുന്നേറി നിന്നിരുന്ന കണ്ണൂരിനെ പിന്തളളിയാണ് തൃശൂരും പാലക്കാടും മുൻനിരയിലേക്ക് എത്തിയത്. ഇവരില്‍ ആര് സ്വർണക്കപ്പില്‍ മുത്തമിടും എന്നത് അവസാനം വരെ അപ്രവചനീയമായി തുടരുകയും ചെയ്തു.

Leave a Reply