ചൈനയിലെ വൈറൽ പനി: മാസ്‌ക് ധരിക്കുന്നത് അഭികാമ്യം

ചൈനയിലെ വൈറൽ പനി: മാസ്‌ക് ധരിക്കുന്നത് അഭികാമ്യം

തിരുവനന്തപുരം: ചൈനയില്‍ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാര്‍ത്തകളില്‍ സംസ്ഥാനത്തിന് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നതായും ഗര്‍ഭിണികള്‍ പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

‘ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. മഹാമാരിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയില്‍ ഈ അവസരത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല. 

ഹ്യൂമന്‍ മെറ്റാന്യൂമോണിയ വൈറസ് ഉള്‍പ്പെടെയുള്ള അണുബാധകള്‍ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരും മറ്റു ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകള്‍ തുടങ്ങിയവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗങ്ങള്‍ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും മാസ്‌കുകള്‍ ഉപയോഗിക്കണം. നിലവില്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ല. ചൈനയിലെ അവസ്ഥ നാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും രീതിയില്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ള രോഗാണുബാധ കണ്ടെത്തുന്ന പക്ഷം വളരെ വേഗത്തില്‍ തന്നെ അതിനെ നിയന്ത്രിക്കാനും നമുക്ക് കഴിയും.’ ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published.