യൂണിയന്‍ കാര്‍ബൈഡ് മാലിന്യം സംസ്‌കരിക്കല്‍ തുടങ്ങി

യൂണിയന്‍ കാര്‍ബൈഡ് മാലിന്യം സംസ്‌കരിക്കല്‍ തുടങ്ങി

ഭോപാല്‍: നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയിരക്കണക്കിന് പേരെ കൊന്ന ഭോപാല്‍ വാതക ദുരന്തത്തിന് കാരണമായ രാസമാലിന്യങ്ങള്‍ സംസ്‌കരിച്ചു തുടങ്ങി. പ്രവര്‍ത്തനരഹിതമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് ഇന്നലെ (ബുധനാഴ്ച) രാത്രി 377 ടണ്‍ അപകടകരമായ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു.
ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ധാര്‍ ജില്ലയിലെ പിതാംപൂര്‍ വ്യവസായ മേഖലയിലേക്കാണ് 12 സീല്‍ ചെയ്ത കണ്ടെയ്നര്‍ ട്രക്കുകളില്‍ വിഷ മാലിന്യം മാറ്റിക്കൊണ്ടിരിക്കുന്നത്.

രാത്രി 9 മണിയോടെയാണ് മാലിന്യവുമായി 12 കണ്ടെയ്നര്‍ ട്രക്കുകള്‍ തുടര്‍ച്ചയായി പൊയ്‌ക്കൊണ്ടിരുന്നു. ഏഴ് മണിക്കൂറിനുള്ളില്‍ ധാര്‍ ജില്ലയിലെ പിതാംപൂര്‍ വ്യാവസായിക മേഖലയില്‍ എത്തിക്കുന്ന്തിനായി
വാഹനങ്ങള്‍ക്കായി ഹരിത ഇടനാഴി സൃഷ്ടിച്ചതായി ഭോപ്പാല്‍ വാതക ദുരന്ത ദുരിതാശ്വാസ പുനരധിവാസ വകുപ്പ് ഡയറക്ടര്‍ സ്വതന്ത്രകുമാര്‍ സിങ് പറഞ്ഞു.
ഞായറാഴ്ച മുതല്‍ 30 മിനിറ്റ് ഷിഫ്റ്റുകളിലായി നൂറോളം പേരാണ് മാലിന്യം ട്രക്കുകളില്‍ പാക്ക് ചെയ്യുന്നതിനും കയറ്റുന്നതിനും വേണ്ടി ജോലി ചെയ്തത്. ”അവര്‍ക്ക് ആരോഗ്യ പരിശോധനകള്‍ നടത്തി, ഓരോ 30 മിനിറ്റിലും വിശ്രമം നല്‍കി,” അദ്ദേഹം പറഞ്ഞു.

‘എല്ലാം ശരിയാണെന്ന് കണ്ടെത്തിയാല്‍, മൂന്ന് മാസത്തിനുള്ളില്‍ മാലിന്യം കത്തിക്കും. അല്ലെങ്കില്‍ ഒമ്പത് മാസം വരെ എടുത്തേക്കാം,’ അദ്ദേഹം പറഞ്ഞു.

തുടക്കത്തില്‍, ചില മാലിന്യങ്ങള്‍ പിതാംപൂരിലെ മാലിന്യ നിര്‍മാര്‍ജന യൂണിറ്റില്‍ കത്തിക്കുകയും അവശിഷ്ടങ്ങള്‍ (ചാരം) പരിശോധിച്ച് ദോഷകരമായ ഘടകങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യുമെന്നും സിംഗ് പറഞ്ഞു.

ഇന്‍സിനറേറ്ററില്‍ നിന്നുള്ള പുക പ്രത്യേക നാല് പാളികളുള്ള ഫില്‍ട്ടറുകളിലൂടെ കടന്നുപോകുമെന്നും അതിനാല്‍ ചുറ്റുമുള്ള വായു മലിനമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷ മൂലകങ്ങളുടെ അംശങ്ങള്‍ അവശേഷിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചാല്‍, ചാരം രണ്ട് പാളികളുള്ള മെംബ്രണ്‍ കൊണ്ട് മൂടുകയും മണ്ണും വെള്ളവുമായി ഒരു തരത്തിലും സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ കുഴിച്ചിടുകയും ചെയ്യും.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വിദഗ്ധരുടെ ഒരു സംഘം നടപടിക്രമങ്ങള്‍ നടത്തുമെന്നും സിംഗ് പറഞ്ഞു.

2015-ല്‍ പീതാംപൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10 ടണ്‍ യൂണിയന്‍ കാര്‍ബൈഡ് മാലിന്യം കത്തിച്ച ശേഷം ചുറ്റുമുള്ള ഗ്രാമങ്ങളിലെ മണ്ണും ഭൂഗര്‍ഭജലവും ജലസ്രോതസ്സുകളും മലിനമായതായി ചില പ്രാദേശിക പ്രവര്‍ത്തകര്‍ പറഞ്ഞു.
എന്നാല്‍ 2015ലെ ടെസ്റ്റിന്റെ റിപ്പോര്‍ട്ടും എല്ലാ എതിര്‍പ്പുകളും പരിശോധിച്ചതിന് ശേഷമാണ് പിതാംപൂരില്‍ മാലിന്യം സംസ്‌കരിക്കാന്‍ തീരുമാനിച്ചതെന്നാണ് സിംഗ് പറയുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

1.75 ലക്ഷത്തോളം ജനസംഖ്യയുള്ള നഗരത്തില്‍ യൂണിയന്‍ കാര്‍ബൈഡ് മാലിന്യം സംസ്‌കരിക്കുന്നതിനെതിരെ ഞായറാഴ്ച പിതാംപൂരില്‍ നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

Leave a Reply

Your email address will not be published.