കോഴിക്കോട്: ഇതിഹാസ എഴുത്തുകാരൻ
എംടി വാസുദേവൻ നായർക്ക് അന്ത്യോപചാരമർപ്പിക്കാൻ കേരളം സിതാരയിലേക്ക്. ഭൗതിക ശരീരം കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീടായ സിതാരയിൽ പൊതുദർശനത്തിനു വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാൻ സാസ്കാരിക, സാഹിത്യ, രാഷ്ട്രീയ, സിനിമാ ലോകത്തെ പ്രമുഖരുടെ നിര തന്നെ എത്തുന്നുണ്ട്. എംടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റി വച്ചു.
നടൻ മോഹൻ ലാൽ, ഷാഫി പറമ്പിൽ എംപി, എം സ്വരാജ്, എംഎൻ കാരശ്ശേരി, മന്ത്രിമാരായ എകെ ശശീന്ദ്രൻ, വി അബ്ദുറഹിമാൻ, മുഹമ്മദ് റിയാസ്, എഴുത്തുകാരൻ കെപി രാമനുണ്ണി, സംവിധായകൻ ടികെ രാജീവ് കുമാർ,പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സംവിധായകൻ ഹരിഹരൻ, ഗോവ ഗവർണർ അഡ്വ. ശ്രീധരൻ പിള്ള, സിഎംപി നേതാവ് സിപി ജോൺ തുടങ്ങി നിരവധി പേരാണ് സിതാരയിലെത്തി അന്തിമോപചാരമർപ്പിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും എഴുത്തിന്റെ കുലപതിയെ അവസാനമായി കാണാൻ സിതാരയിലേക്ക് എത്തുന്നുണ്ട്.
അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ച് പൊതു ദർശനം ഒഴിവാക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ശേഷം ഭൗതിക ശരീരം വീട്ടിൽ നിന്നു എടുക്കും. വൈകീട്ട് 5 മണിയോടെ മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം.

Leave a Reply