‘കണ്ടെടുത്തത് കൊക്കെയ്ന്‍ തന്നെ’

‘കണ്ടെടുത്തത് കൊക്കെയ്ന്‍ തന്നെ’

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കണ്ടെടുത്തത് കൊക്കെയ്ന്‍ തന്നെ എന്ന് സ്ഥിരീകരിച്ച് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. ഇതോടെ കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്ന് സ്ഥിരീകരിക്കും വിധമാണ് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസില്‍ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഹോട്ടലില്‍ കൊക്കെയിനിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിയാത്തത് കേസില്‍ പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഹോട്ടലിലെ മുറിയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

കൊച്ചി മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലഹരി പാർട്ടി നടന്നത്. ഗുണ്ടാനേതാവായ ഓംപ്രകാശും ഇയാളുടെ സുഹൃത്തായ ഷിഹാസും പിടിയിലായിരുന്നു. പിന്നീട് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. സിനിമാ താരങ്ങളായ  പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരും ഉയർന്നു വന്നതോടെയാണ് കേസ് വിവാദമാകുന്നത്. സംഭവദിവസം തന്നെ അന്വേഷണ സംഘം ഓംപ്രകാശ് താമസിച്ചിരുന്ന മുറിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഈ സാമ്പിളുകളുടെ ഫോറൻസിക് ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.

Leave a Reply

Your email address will not be published.