പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തെ സാദൂകരിച്ചു സിപിഎം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. നീല ട്രോളി ബാഗുമായി കെഎസ്യു നേതാവ് ഫെനി ഹോട്ടലിൽ എത്തുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെപിഎം ഹോട്ടലിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ കാണാം.
കോറിഡോറിലെ ദൃശ്യങ്ങളില്‍ ശ്രീകണ്ഠൻ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതും ബാക്കിയുള്ളവർ കോണ്‍ഫറൻസ് ഹാളിലേക്ക് കയറുന്നതും രാത്രി 10.13നുള്ള ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. രാഹുല്‍ കോണ്‍ഫറൻസ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നതും കാണാം. എന്നാല്‍ ഫെനിയുടെ കയ്യില്‍ അപ്പോള്‍ പെട്ടി ഇല്ല. 10.47 ലുള്ള ദൃശ്യങ്ങളില്‍ പിഎ രാഹുലിനെ കോണ്‍ഫറൻസ് ഹാളില്‍ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. രാഹുല്‍ കോണ്‍ഫറൻസ് ഹാളിലേക്ക് തിരിച്ചു വരുന്നതും ഫെനി നൈനാൻ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.
എന്നാല്‍ സിപിഎം പറയുന്നത് അനുസരിച്ച് രാത്രി 10.54ന് ഫെനി നൈനാൻ ട്രോളി ബാഗുമായി തിരിച്ച് കോണ്‍ഫറൻസ് റൂമിലേക്ക് തിരിച്ചു വരുന്നു. ട്രോളി ബാഗുമായി കോണ്‍ഫറൻസ് റൂമില്‍ കയറുന്നു. പെട്ടിയിലെ പണം കോണ്‍ഫറൻസ് ഹാളിലേക്ക് മാറ്റിയ ശേഷം ഫെനി നൈനാൻ തിരിച്ചു കൊണ്ടുപോകുന്നു. പെട്ടി വാഹനത്തില്‍ വെച്ച ശേഷം ഫെനി തിരികെ മുറിയിലേക്ക് വരുന്നുവെന്നുമാണ് സിപിഎം പറയുന്നത്. ശേഷം ഫെനി നൈനാൻ രാഹുല്‍ നേരത്തെ കയറിയ റൂമിലേക്ക് കയറുന്നു. മുറിയില്‍ നിന്ന് മറ്റൊരു കനമുള്ള ബാഗുമായി ഫെനിയും പിഎയും പുറത്തേക്ക് ഓടിപ്പോകുന്നുവെന്നും ഈ സമയം കോണ്‍ഫറൻസ് റൂമില്‍ ഉണ്ടായിരുന്ന ഷാഫി, ശ്രീകണ്ഠൻ, ചാമക്കാല പുറത്തേക്ക് പോകുന്നുവെന്നുമാണ് സിപിഎമ്മിൻ്റെ വാദം.
Leave a Reply