കൊച്ചി: ബലാത്സംഗക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ 8 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ചു നടൻ സിദ്ദിഖ്. അഡ്വക്കേറ്റ് ബി.രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി.
വക്കീൽ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്.
അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതിൽ പൊലീസ് നിയമോപദേശം തേടി. സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം ആശയക്കുഴപ്പത്തിലായത്. തുടർ നീക്കങ്ങൾ ആലോചിക്കാൻ എസ്ഐടി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും.
രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന് സുപ്രീംകോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകണമെന്നും നിർദേശിച്ചിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ അടക്കം അന്വേഷണസംഘം സ്വീകരിച്ച നിലപാട്. ഈ മാസം 22ന് സിദ്ദിഖിന്റെ ഹർജി സുപ്രീകോടതി വീണ്ടും പരിഗണിക്കും.
Leave a Reply