കേരളത്തെ സൂപ്പർ ആക്കാൻ സൂപ്പർ കപ്പാസിറ്ററുകൾ

കേരളത്തെ സൂപ്പർ ആക്കാൻ സൂപ്പർ കപ്പാസിറ്ററുകൾ

കണ്ണൂർ: കേരളത്തിലെ ഇലക്ട്രോണിക് മേഖലയെ ലോകനിലവാരത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം കല്ല്യാശ്ശേരിയിലെ കെൽട്രോൺ കോംപണന്റ് കോപ്ലക്‌സ് ലിമിറ്റഡിൽ (കെസിസിഎൽ) ഉദ്ഘാടനം ചെയ്തു. ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും.
ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്.
ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കും. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന ഇവ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും.
കെൽട്രോൺ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം തുടങ്ങുന്നത്.
42 കോടി രൂപ ചെലവഴിച്ചാണ് ആദ്യത്തെ ഡിജിറ്റൽ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നത്.
ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഘടിപ്പിക്കുന്നതുൾപ്പെടെ ആദ്യഘട്ട നിർമ്മാണം പൂർണമായും പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ പുതിയ പ്ലാന്റിന് സാധിക്കും.

രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോണിനൊപ്പം ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, സി.എം.ഇ. ടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ഐ.എസ്.ആർ ഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്ന് കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. ഇതോടെ കെ.സി.സി.എൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്‌സ് കോംപണന്റ്‌സ്  ഉത്പാദകരിലൊന്നായി മാറും.

Leave a Reply

Your email address will not be published.