
ദവാഷിങ്ടണ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും, ഇറാനെതിരായ അമേരിക്കന്‍ ഉപരോധ-നിരോധന നടപടികള്‍ അവസാനിപ്പിക്കാനും, ആഗോള എണ്ണവ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇരുരാജ്യങ്ങളും ഒരു പ്രാഥമിക ധാരണയിലെത്തിയതായി അമേരിക്കന്‍, ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര എണ്ണവിലയില്‍ ഇടിവുണ്ടായി. എന്നാല്‍ ഇറാന്റെ ആണവപദ്ധതിയുടെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ ഉണ്ടാകൂ എന്നാണ് സൂചന.
”ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള കരാര്‍ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്,” അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച വാഷിങ്ടണ്‍ സമയം വൈകിട്ട് 5.30ഓടെ തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ ധാരണയായതായി പാകിസ്താന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചര്‍ച്ചകളില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ച രാജ്യങ്ങളിലൊന്നാണ് പാകിസ്താന്.
കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്ക് വലിയ ശമനമാകുമെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ആഗോള വ്യാപാരത്തിനും ഊര്‍ജ വിപണികള്‍ക്കും ആശ്വാസകരമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാനുണ്ടെന്നും അതുസംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Leave a Reply