ചേലക്കര:ചേലക്കര ബസ് സ്റ്റാൻഡിൽ വാഹന പാർക്കിംഗിൻ്റെ പേരിൽ പകൽക്കൊള്ളയാണ് നടക്കുന്നതെന്ന് മുൻ കരാറുകാരനും, കെ.ബി ടി എ ചേലക്കര മേഖല സെക്രട്ടറിയുമായ രതീഷ് എം.സി പത്രസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത് നിശ്ചയിച്ചതിലും അധികമായാണ് പാർക്കിംഗ് ഫീസ് ഈടാക്കുന്നത്.
പഞ്ചായത്ത് എഗ്രിമെന്റ് പ്രകാരമുള്ള തുകയുടെ ഇരട്ടിയാണ് പാർക്കിംഗിന് വാഹനങ്ങളിൽ നിന്ന് ഈടാക്കുന്നത്. പഞ്ചായത്ത് കെട്ടിടങ്ങളിൽ നിന്ന് സാധനം വാങ്ങാനെത്തുന്ന കാറുടമകൾക്ക് 30 മിനിറ്റ് സൗജന്യം നൽകി തുടർന്ന് ഒരു മണിക്കൂറിന് 10 രൂപ നിശ്ചയിച്ചിട്ടുള്ളതെങ്കിലും, അഞ്ച് മിനിറ്റ് പാർക്ക് ചെയ്താൽ പോലും 20 രൂപയാണ് ഈടാക്കുന്നത്. 70 രൂപ നിശ്ചയിച്ച ട്രാവലറുകളിൽ നിന്നും ആംബുലൻസുകളിൽ നിന്നും പോലും 300 രൂപ വരെ ഇടാക്കിയെന്നും ആരോപണം ഉണ്ട്. , 24 മണിക്കൂറിന് 15 രൂപ നിശ്ചയിച്ച ബസ്സുകളുടെ സ്റ്റാൻഡ് ഫീസ് 50 രൂപയായി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതായും രതീഷ് പറഞ്ഞു. പാർക്കിംഗ് ഏരിയ തിരിക്കാതെ കൃത്യമായ ചാർജ് ബോർഡ് പോലും സ്ഥാപിക്കാതെയാണ് പകൽ കൊള്ളയും ഭീഷണിയും നടത്തുന്നതെന്നും തന്റെ ഏഴ് ബസ്സുകൾക്കും പാർക്കിംഗ് ഫീസ് നൽകിയിട്ടും തന്റെ സർവ്വീസിനെ അപകീർത്തിപ്പെടുത്താൻ ചില വ്യക്തികൾ നുണപ്രചാരണങ്ങൾ നടത്തുകയാണെന്നും രതീഷ് മുതലംചിറ പറഞ്ഞു. സി.ഐ ടി യു ബസ് തൊഴിലാളി യൂണിയൻ സെക്രട്ടറി ഷാനവാസും പങ്കെടുത്തു.
Leave a Reply