തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥിനി എം പി ആയിഷ നഹാൻ എഴുതിയ കുഞ്ഞിക്കുടകൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരിട്ട് നൽകുന്നു.

തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന എം പി ആയിഷ നഹാൻ എഴുതിയ കുഞ്ഞിക്കുടകൾ എന്ന 12 കഥകൾ അടങ്ങിയ പുസ്തകം തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ അക്ഷരക്കൂട്ട് എന്ന കുട്ടികളുടെ സാഹിത്യോത്സവത്തിലെ പുസ്തക പ്രദർശനത്തിൽ ഇടം പിടിച്ചു. തന്റെ ഒഴിവ് സമയങ്ങളിൽ സ്കൂൾ മുറ്റത്തും വീട്ടിലും ഇരുന്ന് എഴുതിയ കഥകൾ നോട്ട് പുസ്തകത്തിന്റെ താളുകൾ പരിശോധിക്കുന്നതിനിടയിൽ ശ്രദ്ധയിൽപ്പെട്ട ക്ലാസ് അധ്യാപിക ഋസ്വനി എസ് ജീവയാണ് ഈ കുട്ടിയിലെ സർഗ്ഗ ശേഷിയെ തിരിച്ചറിഞ്ഞത്. ഭാഷയുടെ ഭംഗിയും കഥകളുടെ ആശയഭംഗിയും ബോധ്യപ്പെട്ട സ്കൂളിലെ അറബി അധ്യാപകൻ എം എ റഫീഖ് പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തി. സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വെച്ച് ഗായകൻ ഫിറോസ് ബാബു കുഞ്ഞിക്കുടകൾ പ്രകാശനം ചെയ്തു.

പ്രകാശനത്തിന് ശേഷം സ്കൂളിലെ നൂറാം വാർഷികാഘോഷത്തിനെത്തിയ മന്ത്രി വി അബ്ദു റഹ്മാൻ, കുറുക്കോളി മൊയ്തീൻ എം എൽ എ , വി കെ.എം ഷാഫി, സി ഡി ഇ ആയിരുന്ന കെ പി രമേഷ് കുമാർ , താനൂർ എ ഇ ഒ മാരായ പി വി ശ്രീജ, ടി എസ് സുമ എന്നിവർ ഈ കുരുന്നു കഥാകാരിയിലെ കഴിവിനെ പ്രശംസിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തിൽ വെച്ച് എഴുത്തുകാരായ കുട്ടികൾക്ക് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കുട്ടികളുടെ സാഹിത്യോത്സവമായ ‘അക്ഷരക്കൂട്ട് ‘ ൽ പങ്കെടുക്കാൻ ആയിഷ നഹാന് അവസരം ലഭിക്കുകയും എഴുതിയ കുഞ്ഞിക്കുടകൾ പ്രദർശനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ താൻ എഴുതിയ കുഞ്ഞിക്കുടകൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നേരിട്ട് നൽകാൻ കഴിഞ്ഞതിലെ സന്തോഷത്തിലാണ് ഈ കഥാകാരി .

സാഹിത്യോത്സവത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ആയിഷ നഹാന് സ്കൂൾ അധികൃതർ വരവേൽപ് നൽകി. സ്‌കൂൾ കവാടത്തിൽ വെച്ച് പ്രാധാനാധ്യാപിക വി പി മീര മോൾ ടീച്ചർ പൂമാല അണിയിച്ചും സ്റ്റാഫ് സെക്രട്ടറി പി സി സജി കുമാർ ബൊക്കെ നൽകിയും സ്വീകരിച്ചു.തുടർന്ന് ചേർന്ന പ്രത്യേക അസംബ്ലിയിൽ വെച്ച് പി ടി എ പ്രസിഡൻറ് പി ആഷിഖ് ആയിഷ നഹാനെയും ചിത്രങ്ങൾ വരച്ച പി ടി മുഹമ്മദ് അഫ്നാനെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. അധ്യാപകരായ എം കെ രമേശൻ , എം എ റഫീഖ്, പി മായാദേവി, എൻ ഷഹീദാബാൻ, പി പി ജംഷീദ, പി റബീഹ്‌ , ഋസ്വനി എസ് ജീവ, കെ രജനി എന്നിവർ പ്രസംഗിച്ചു. ഇപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഈ കഥാകാരി പുതിയ കഥകളുടെ രചനയിലാണ് .ഈ കഥകളെ ജീവസ്സുറ്റതാക്കിയത് ഇതേ ക്ലാസിലെ വിദ്യാർത്ഥിയായ മുഹമ്മദ് അഫ്നാന്റെ ചിത്രങ്ങളാണ്. മാഞ്ചപ്പുറത്ത് സുബൈർ – റൈഹാനത്ത് ദമ്പതികളുടെ മകളാണ് കഥകൾ എഴുതിയ ആയിഷ നഹാൻ. ചിത്രങ്ങൾ വരച്ച പി.ടി. മുഹമ്മദ് അഫ്നാൻ പിലാത്തോട്ടത്തിൽ മുഹമ്മദ് സക്കരിയ്യ – റംസീന ദമ്പതികളുടെയും മകനാണ്.

Leave a Reply

Your email address will not be published.