രവിമേലൂർ

ചേർപ്പ് : 30-07-2025 തിയ്യതി രാത്രി 11.00 മണിയോടെ ഊരകം പണ്ടാരച്ചിറ സ്വദേശി തട്ടാരപ്പുരക്കൽ വീട്ടിൽ സന്ദീപ് 32 വയസ്സ് എന്നയാളെ പണ്ടാരച്ചിറയിലുള്ള വീട്ടിലേക്ക് അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച് വീട്ടിലെ അലമാരയിലുണ്ടായിരുന്ന 80000/- രൂപ കവർച്ച ചെയ്ത് കൊണ്ട് പോവുകയും വീട്ടിലെ അലമാരയും ഫ്രിഡ്ജും തല്ലിപ്പൊളിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ ഊരകം വില്ലേജ് ചെറിയപാലം ദേശത്ത് പുത്തൻപുരക്കൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അക്ഷയ് 22 വയസ്സ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പ്രതികൾ സന്ദീപിന്റെ വീട്ടിലേക്ക് വന്ന് വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന സന്ദീപിനെ വിളിച്ചുണർത്തി 500 രൂപ ആവശ്യപ്പെടുകയും പണം കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സന്ദീപ്  പ്രതികളെ തള്ളി മാറ്റി വീട്ടിൽ നിന്നും ഇറങ്ങിയോടി അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സംഭവം നടക്കുമ്പോൾ സന്ദീപ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സന്ദീപിന്റെ അമ്മയും സഹോദരിയും അടുത്തുള്ള തറവാട് വീട്ടിൽ ആയിരുന്നു. തുടർന്ന് അവരെ വിളിച്ച് വരുത്തി ആംബുലൻസിൽ സന്ദീപിനെ ചികിത്സക്കായി ചേർപ്പ് ആശുപത്രിയിലേക്കും അവിടെ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിലേക്കും  കൊണ്ട് പോവുകയായിരുന്നു. സന്ദീപിന്റെ അമ്മ 31-07-2025 തിയ്യതി പുലർച്ചെ ചികിത്സാ ആവശ്യത്തിനായി പണമെടുക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് അലമാര തുറന്ന് കിടക്കുന്നതായും അലമാരയിൽ ബാഗിൽ ഉണ്ടായിരുന്ന  80000/- രൂപ നഷ്ടപ്പെട്ടതായും അലമാരയും ഫ്രിഡ്ജും തല്ലിപൊളിച്ച് ഇട്ടിരിക്കുന്നതായും കണ്ടത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ദീപിന്റെ മൊഴിയിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 

അക്ഷയ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ മൂർക്കനാട് ഇരട്ടക്കൊലപാതക കേസിലും, ചേർപ്പ് പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസിലും, ഒരു കവർച്ചക്കേസിലും, ഒരു അടിപിടിക്കേസിലും, വിയ്യൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് കടത്തിയ രണ്ട് കേസിലും അടക്കം ഏഴ് ക്രിമിനൽക്കേസിലെ പ്രതിയാണ്.
 തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ.എ.എസ്, ചേർപ്പ് പോലീസ് സ്റ്റേഷൻ  സബ് ഇൻസ്പെക്ടർ  സുബിന്ദ്, ജി.എ.എസ്.ഐ ജോയ് തോമസ്,  ഡ്രൈവർ എസ്.സി.പി.ഒ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.