ഖത്തരി ഗായകര്‍ക്കൊപ്പം ദേശഭക്തി ഗാനം പാടി വീണ്ടും ശ്രദ്ധേയനായി മലയാളിയായ നാദിർ അബ്ദുൽ സലാം

ഖത്തരി ഗായകരായ ഈസ അല്‍ കുബൈസി, സഊദ് ജാസിം, നാസര്‍ അല്‍ കുബൈസി, മുഹമ്മദ് അല്‍ സുലൈത്തി എന്നിവരോടൊപ്പമാണ് ഖത്തറിന്റെ ഏറ്റവും പുതിയ ദേശഭക്തി ഗാനമായ ‘ഖത്തർ അമാന’ ക്കു വേണ്ടി നാദിർ പാടിയത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഖലീജി ശൈലിയിലുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ച ഖത്തരി സംഗീതജ്ഞന്‍ ഡോക്ടര്‍ മതര്‍ അലി അല്‍ കുവാരിയാണ്. കവി യൂസുഫ് അൽ ഹുമൈദാണ് രചന. ഗാനത്തിന്റെ മിക്‌സിങ്ങും, റെക്കോഡിങ്ങും നിര്‍വഹിച്ചതും നാദിര്‍ തന്നെയാണ്.

അറബിയല്ലാത്ത ഒരു ഗായകന് ഖത്തരി ഗായകർക്കൊപ്പം അവരുടെ രാജ്യത്തിന്റെ ദേശഭക്തിഗാനം പാടാൻ അവസരം ലഭിക്കുക എന്നത് അപൂർവ്വ നേട്ടമായി കണക്കാക്കുന്നു. തന്റെ എട്ടാമത്തെ വയസ്സിൽ ഖത്തറിൽ നടന്ന 2006 ഏഷ്യൻ ഗെയിംസ് ഉൽഘാടനവേദിയിൽ ഖത്തറിന്റെ ദേശീയ ഗാനം ആലപിച്ച ഖത്തരി ഗായകരുടെ സംഘത്തിൽ ഉൾപ്പെടുത്തിയതോടെയാണ് നാദിർ ശ്രദ്ധ നേടാൻ തുടങ്ങിയത്.

രണ്ടു വയസ്സുമുതൽ പാടിത്തുടങ്ങിയ നാദിർ ചെറുപ്പം മുതൽ തന്നെ അറബി ഗാനങ്ങൾ പാടി ശ്രദ്ധ നേടിയിരുന്നു. തുടർന്ന് പതിനൊന്നാമത്തെ വയസ്സിൽ ഖത്തർ മ്യൂസിക് അക്കാദമിയുടെ അംബാസഡറായിരുന്ന നാദിർ അറബ് സംഗീതം പഠിക്കുകയും ഊദ് വായനയിൽ പ്രാവീണ്യം നേടുകയും ചെയ്തു. കൂടാതെ ലണ്ടൻ റോയൽ കോളേജ് ഓഫ് മ്യൂസികിൽ നിന്നും വെസ്റ്റേൺ സംഗീതത്തിൽ ആറു ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. മലേഷ്യയിലെ ലിംകോക്വിങ് യൂണിവേഴ്സിറ്റിയിൽ നിന്നും റെക്കോർഡിങ് ആർസ്റ്റിൽ ഹോണററി ബിരുദം കരസ്ഥമാക്കിയ നാദിർ യൂണിവേഴ്സിറ്റിയുടെ അംബാസഡർ കൂടിയായിരുന്നു.

ഖത്തറിൽ തിരിച്ചെത്തിയ നാദിർ സംഗീത സംവിധാനത്തിലും ഓഡിയോ എഞ്ചിനീറിങ്ങിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും നിലവിൽ ഖത്തര്‍ മീഡിയ കോര്‍പറേഷനില്‍ സൗത്തുൽഖലീജ് സ്റ്റുഡിയോവിലെ സംഗീത സംവിധായകനും ഗായകനുമാണ്. അൽ ജസീറ ചാനലിലാണ് ഇന്റേൺ ഷിപ്പ് നേടിയത്.

കൂടെ ഗാനം ആലപിച്ച ഖത്തരി ഗായകൻ നാസർ അൽ കുബൈസിയോടൊപ്പം സ്റ്റുഡിയോവിൽ.

Leave a Reply

Your email address will not be published.