
താനൂർ : തെരഞ്ഞെടുക്കപ്പെട്ടാൽ താനൂരിന്റെ വികസനത്തിന് പുതിയ മുഖം നൽകുമെന്ന് താനൂർ നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. നവാസ്
താനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ്. സംസ്ഥാന നേതൃത്വം പുറത്തിറക്കിയ പ്രകടന പത്രികയുടെ ചുവടു പിടിച്ചുള്ള വികസന മുന്നേറ്റങ്ങൾക്കാണ് താനൂരിൽ നേതൃത്വം നൽകുക.
ഇനിയും പരിഹരിക്കപ്പെടേണ്ട ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങൾ ഇവിടെ നിലനിൽക്കുകയാണ്. പൂർവീകാരായ മുഴുവൻ ജനപ്രതിനിധികളെയും അവരുടെ വികസന പ്രവർത്തനങ്ങളെയും തള്ളിപ്പറഞ്ഞു രണ്ടു തവണ വിജയിച്ച താനൂരിന്റെ എംഎൽഎ . സത്യത്തിൽ
താനൂർ ജനതയെ കബളിപ്പിക്കുകയായിരുന്നു.
തന്റെതായ ഇടപെടൽ മൂലം താനൂരിന് അനുയോജ്യമായ ഒരു നവീന പദ്ധതിയും കൊണ്ടു വരാൻ അദ്ദേഹത്തിനായിട്ടില്ല. മന്ത്രി പദവി ഉണ്ടായിട്ട് പോലും അത് തനിക്ക് വോട്ട് ചെയ്ത ജനതക്ക് വേണ്ടി ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയാതെയാണ് അദ്ദേഹം താനൂർ മണ്ഡലം വിട്ടത്. തെരഞ്ഞെടുപ്പ് കാലത്ത് ഉറപ്പ് നൽകിയ 98 ശതമാനം പദ്ധതികളും പൂർത്തീകരിച്ചുവെന്നാണ് ഇടത് സ്ഥാനാർഥി ഇവിടെ പറയുന്നത്. എന്നാൽ അദ്ദേഹം ജനങ്ങളോട് നുണപറയുകയാണ്. എല്ലാവർക്കും കുടിവെള്ളം നൽകുമെന്ന പ്രഖ്യാപനം ഇപ്പോഴും മരീചികയാണ്. മോഹന വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വിഡ്ഢികളാക്കി എന്നല്ലാതെ ഒരു പുതിയ പദ്ധതിക്കും തുടക്കം കുറിക്കാൻ ജില്ലയിലെ ഏക മന്ത്രി ആയിരുന്നിട്ട് പോലും അദ്ദേഹത്തിന് ആയിട്ടില്ല.
പ്രകടന പത്രികയിൽ അന്ന് പറഞ്ഞ വ്യവസായ പാർക്കും, ടൂറിസം വില്ലേജും, താനൂർ താലൂക്കും, ട്രഷറിയുമൊക്കെ കടലാസിൽ സുഖമായി ഉറങ്ങുകയാണ്. അനേകം കായിക പ്രതിഭകളുള്ള താനൂരിൽ ഒരു സ്പോർട്സ് അക്കാദമി പോലും തുടങ്ങിയില്ല.
മത്സ്യബന്ധനവും, കൃഷിയും ഇന്നും പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. തെഴിലാവസരങ്ങൾക്കുള്ള ഇടങ്ങൾ സൃഷ്ടിക്കാനായില്ല. നൈപുണ്യ വികസനത്തിന് ഒന്നും ചെയ്തില്ല. യുവജനങ്ങളെ പോലും കൈയ്യൊഴിഞ്ഞു.
കുറേ വാഗ്ദാനങ്ങൾ നൽകുന്നതിലല്ല. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി ജനപക്ഷത്ത് നിൽക്കുന്ന വികസനങ്ങൾ കൊണ്ടുവന്ന് നാടിനെ അടയാളപ്പെടുത്തുക യെന്നതാണ് എന്റെ സ്വപ്നം. ആഭ്യന്തര ടൂറിസത്തിന് ഏറെ സാധ്യതകൾ ഉള്ള മണ്ണാണ് താനൂർ. ഒട്ടുമ്പുറം തൂവൽത്തീരം, ഉണ്യാൽ, കനോലി കനാൽ, മാലിദ്വീപ് പാറയിൽ, ന്യൂ കട്ട് ഭാഗങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് താനൂരിന്റെ വിനോദ സഞ്ചാര സാധ്യതകളെ ഇരട്ടിയാക്കും. എല്ലാവർക്കും കുടിവെള്ളം എന്നത് നടപ്പിലാക്കും. ചെറുപ്പക്കാരുടെ ചിന്തയും സ്കില്ലും മെച്ചപ്പെടുത്താനുള്ള നൂതന പദ്ധതികൾക്ക് രൂപം നൽകും. പ്രവാസിസംബന്ധമായ കാര്യങ്ങൾക്ക് ഊന്നൽ നൽകും. യു.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞ മത്സ്യതൊഴിലാളികളുടെ ഭവന പദ്ധതി പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനമുൾപ്പെടെയുള്ളവ മത്സ്യതൊഴിലാളികൾക്കായി കൊണ്ടുവരും. മാലിന്യം പേറി ഒഴുകുന്ന കനോലി കനാലിന്റെ നവീകരണം തന്റെ മുഖ്യ അജണ്ടയാണ്.
മത്‍സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾക്കൊത്ത് താനൂർ ഫിഷിങ് ഹാർബറിനെ മാറ്റിയെടുക്കും. കേരളത്തിന്റെ കായിക ഭൂപടത്തിലേക്ക് താനൂരിനെയും കൊണ്ടുവരേണ്ടതുണ്ട്. അത്രമേൽ കായിക താരങ്ങൾ ഉള്ള മണ്ണാണ് താനൂർ. കാർഷിക മേഖലയുടെ സമ്പൂർണ വികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കും. നെൽകർഷകർ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാനുള്ള പദ്ധതികൾക്ക് പ്രഥമ പരിഗണന നൽകും. നിർമ്മിത ബുദ്ധിയുടെ കാലത്ത് അതിനനുയോജ്യമായ രീതികൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിക്കൊപ്പം
യുഡിഎഫ് നേതാക്കളായ
കെ എൻ മുത്തുക്കോയ തങ്ങൾ, പി രത്‌നാകരൻ,
എം പി അഷ്‌റഫ് .
സി ജയശങ്കർ, നൂഹ് കരിങ്കപ്പാറ എന്നിവർ പങ്കെടുത്തു
Leave a Reply