കേന്ദ്രബജറ്റ്: കേരളത്തെ അവഗണിക്കുന്ന ബിജെപി സർക്കാരിനെതിരെ കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിക്കും – പി ആർ സിയാദ്

കേന്ദ്ര ബജറ്റിൽ കേരള സംസ്ഥാനത്തെ അവഗണിച്ച ബിജെപി സർക്കാരിനെതിരെ കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയ്ക്കാണ് കത്തയക്കുന്നത്. കൂടാതെ പോസ്റ്റോഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ, പന്തംകൊളുത്തി പ്രതിഷേധം, സായാഹ്ന ധർണ തുടങ്ങി സംസ്ഥാന വ്യാപകമായി വിവിധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകിയ കേന്ദ്ര ബജറ്റ് അങ്ങേയറ്റം വിവേചനപരവും സംസ്ഥാനത്തെ അവഗണിക്കുന്നതുമാണ് . കേരള സർക്കാർ 29 ആവശ്യങ്ങൾ മുന്നോട്ടുവെച്ചെങ്കിലും ഒന്നുപോലും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. എയിംസ് , അതിവേഗ റെയിൽ, വിഴിഞ്ഞം പദ്ധതിക്കുള്ള സഹായം ,ദേശീയ ജലപാത തുടങ്ങി കേരളം പ്രതീക്ഷിച്ച സഹായം പോലും ബജറ്റിൽ ഉണ്ടായില്ല. ബിജെപി മുന്നോട്ട് വയ്ക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ നിരാകരിക്കുന്നു എന്ന കാരണത്താൽ കേരള സംസ്ഥാനത്തെ പാടെ അവഗണിച്ച ബജറ്റിന് പിന്നിൽ കേരളത്തിലെ ജനങ്ങളോടുള്ള പകപോക്കലാണ്. തേനും പാലും ഒഴുക്കുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ടാണ് തൃശ്ശൂർ പാർലമെൻ്റ് സീറ്റും തിരുവനന്തപുരം കോർപ്പറേഷനും ബിജെപി ജയിച്ചു കയറിയത്. ദക്ഷിണേന്ത്യയോടും ബിജെപി ഇതര സംസ്ഥാനങ്ങളോടും കേന്ദ്രസർക്കാർ വച്ചു പുലർത്തുന്ന വെറുപ്പ്, പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ള സന്ദർഭങ്ങളിലും വെളിവാക്കപ്പെട്ടതാണ്. ഭരണഘടനാ വിരുദ്ധമായ കേന്ദ്രസർക്കാറിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://www.instagram.com/p/DUQJKGbCaw2/?igsh=MWlmN3FwOHhwa2s1aw==

Leave a Reply

Your email address will not be published.