
കോട്ടക്കൽ : വേദം അറിവിൻ്റെ മൂലസ്രോതസ്സാണെന്നും വേദപഠനം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും
കോട്ടക്കൽ ആര്യവൈദ്യ ശാല മാനേജിങ് ട്രസ്റ്റി പി. മാധവൻകുട്ടി വാര്യർ അഭിപ്രായപ്പെട്ടു.
ജീവിതവിജയത്തിന് വേദം പഠിക്കൂ എന്ന സന്ദേശവുമായി, പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷ് തയ്യാറാക്കിയ വേദപഠനപദ്ധതിയുടെ മലപ്പുറം ജില്ലയിലെ ക്ലാസ്സുകളുടെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടക്കൽ കിഴക്കേ കോവിലകം വക ശ്രീവെങ്കട്ടത്തേവർ ശിവക്ഷേത്രത്തിൽ ആരംഭിച്ച വേദപഠനം
ആചാര്യശ്രീ രാജേഷ് നേതൃത്വം നൽകുന്ന
കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കേരളത്തിലെ 108 ഇടങ്ങളിൽ ആരംഭിക്കുന്ന സൗജന്യ വേദപഠനപദ്ധതിയുടെ ഭാഗമാണ്. മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ അനിൽ വള്ളത്തോൾ മുഖ്യാതിഥിയായ ചടങ്ങിൽ ആചാര്യശ്രീ രാജേഷിന്റെ ശിഷ്യനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനിലെ വേദിക് ഇന്‍സ്ട്രക്ടറുമായ കെ.പി. അജിത്ത് വൈദിക് മുഖ്യ പ്രഭാഷണം നടത്തി.
ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ തിരൂർ ദിനേശ്, കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ പ്രവർത്തകരായ ബാലചന്ദ്രൻ താനൂർ, രമ്യ അനിൽകുമാർ, അനിൽകുമാർ പടന്നപ്പുറത്ത്, എം.സി സുബ്രഹ്മണ്യൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
വേദങ്ങളിലെ ജീവിതദര്‍ശനം, മനസ്സിനെ ശാന്തവും ഏകാഗ്രവുമാക്കുന്ന പ്രാചീന ധ്യാനമായ ബ്രഹ്മയജ്ഞം, ആരോഗ്യത്തിനായി ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ച് ചെയ്യുന്ന അഗ്നിഹോത്രം, വ്യക്തിത്വവികാസത്തിനുള്ള കൂട്ടായ്മയുടെ ഭാവം വളര്‍ത്തുന്ന സംഘടനാസൂക്തം, ബൗദ്ധികവികാസത്തിനുള്ള ഗായത്രീമന്ത്രം തുടങ്ങിയ വിശിഷ്ടങ്ങളായ ക്രിയകളും മന്ത്രങ്ങളും ക്ലാസ്സിൽ പഠിപ്പിക്കും.
എല്ലാ ഞായറാഴ്ചയും രാവിലെ 8 മണി മുതല്‍ 9 മണി വരെ കോട്ടക്കൽ കിഴക്കേ കോവിലകം വക ശ്രീവെങ്കട്ടത്തേവർ ശിവക്ഷേത്രത്തില്‍വെച്ചാണ് ക്ലാസ്സുകള്‍ നടക്കുക. നാല് മാസമാണ് പഠനകാലാവധി.
Leave a Reply