തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകൾ കാലത്തിന് അനുസൃതമായ അനിവാര്യമായ നടപടിയാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. അതില്‍ നിന്നും ഇനിയും നമുക്ക് മാറി നില്‍ക്കാനാകില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിനും മുന്നേറ്റത്തിനും അനിവാര്യമായ ഒരുപാട് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, സ്വകാര്യ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകമായ തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. ഇതോടൊപ്പം നിലവിലുള്ള സര്‍വകലാശാല നിയമങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള മറ്റൊരു ബില്ലും കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇന്ന് സ്വകാര്യ സര്‍വകലാശാലകള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞതായി മന്ത്രി ബിന്ദു പറഞ്ഞു. ആഗോളവത്കരണത്തിന്റെ മൂന്നര പതിറ്റാണ്ട് നാം പിന്നിട്ടു കഴിഞ്ഞു. ആഗോളവത്കൃത ലോകക്രമത്തിന്റെ ഭാഗമായി, വളരെ മത്സരാധിഷ്ഠിത സമൂഹമായി ഇന്ത്യയും മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ ഒരു ജനത എന്ന നിലയില്‍ നമുക്ക് പിടിച്ചു നില്‍ക്കണമെന്നുണ്ടെങ്കില്‍ കാലാനുസൃതമായ മാറ്റങ്ങളിലൂടെ പോയേ തീരുവെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
സ്വകാര്യസര്‍വകലാശാലകള്‍ കേരളത്തില്‍ ആരംഭിക്കുമ്പോള്‍, കൃത്യമായ സാമൂഹിക നിയന്ത്രണങ്ങള്‍ ഉറപ്പാക്കിക്കൊണ്ടാണ് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെയും മറ്റ് പൊതുസംവിധാനങ്ങളുടേയും കൃത്യമായ ജാഗ്രതയും ഇടപെടലും റെഗുലേഷനും ഉറപ്പാക്കുന്ന രീതിയിലാണ് ബില്ലിന്റെ ഉള്ളടക്കം.അതുകൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി സാമൂഹ്യനിയന്ത്രണമുള്ള സംവിധാനമായിട്ടാണ് കേരളത്തിലെ സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply