ഹരികുമാർ അറസ്റ്റിൽ

ഹരികുമാർ അറസ്റ്റിൽ



തിരുവനന്തപുരം:  രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി . പ്രതി ഹരികുമാറിനെ വൈദ്യ പരിശോധനക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താൻ ആണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

സഹോദരിയോടുള്ള വൈരാ​ഗ്യം കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഹരികുമാറിന്റെ മൊഴി. കുഞ്ഞിന്റെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് ദേവേന്ദുവിനെ അച്ഛന്റെ അടുത്ത് കിടത്തിയിരുന്നു. ഈ സമയത്ത് ഹരികുമാർ മുറിയിലെത്തി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു.

കുഞ്ഞിൻ്റേത് മുങ്ങി മരണമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിൻ്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടരും. എന്നാൽ കൊലപാതകത്തിൽ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ചോദ്യം ചെയ്യൽ തുടരും. അതേസമയം കുട്ടിയുടെ മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനേയും പൊലീസ് വിട്ടയച്ചു


ദേവേന്ദുവിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. മുത്തശ്ശിയും അച്ഛനും സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയതിന് ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ നടത്തിയത്.

Leave a Reply

Your email address will not be published.