
വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ ഒന്നിക്കുക – സി ഹരിദാസ്
താനാളൂർ :വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ ഒന്നിക്കാനും ഐക്യവും സഹോദര്യവും ഊട്ടിയുറപ്പിക്കാനും ഗാന്ധിയൻ ആദർശം പ്രചരിപ്പിക്കാനും തയ്യാറാകണമെന്ന് പ്രമുഖ ഗാന്ധിയനും മുൻ എം പി യുമായ സി ഹരിദാസ് അഭിപ്രായപ്പെട്ടു. താനാളൂർ എ. എം .എൽ .പി സ്കൂളിൽ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും ഗാന്ധി സ്‌മൃതി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ തയ്യാറാകണമെന്നും വിദ്യാർഥികളിൽ ആത്മീയ ചിന്തയും ദൈവ സ്നേഹവും വളർത്തിയെടുക്കാൻ തയ്യാറാകണമെന്നും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പുരോഗതി ആശാവഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരും തലമുറകളിൽ ഗാന്ധിജിയുടെ ആദർശം വളർത്തിയെടുക്കാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ടീച്ചർ അധ്യക്ഷയായി. ബി. പി.ഒ കെ. കുഞ്ഞികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രധാനധ്യാപകൻ പ്രദീപ് താനൂർ, മാനേജർ ഇ അബ്ദുൽ ഗഫൂർ എന്നിവർ ഉപഹാര സമർപ്പണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആബിദ ഫൈസൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ മജീദ് മംഗലത്ത്, അബ്ദു റസാഖ് എടമരത്ത് ,ഫസീല ഷാജി ,പി ടി എ പ്രസിഡന്റ് കെ ജംഷീർ, വികസന സമിതി ചെയർമാൻ വി. പി.അബ്ദുൽ ലത്തീഫ്, എം. ടി.എ. പ്രസിഡന്റ് പി. കെ ഫാത്തിമ, സ്റ്റാഫ് സെക്രട്ടറി സഫീർ പുളിക്കിയിത്ത്, നിമ്മു ടീച്ചർ എന്നിവർ പ്രസംഗിച്ചു.




Leave a Reply