മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ശബ്ദമലിനീകരണം എവിടെയുണ്ടായാലും നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിച്ചു. മുംബൈ ആൻഡ് മഹാരാഷ്ട്ര പൊലീസ് ആക്റ്റ് പ്രകാരം ശബ്ദമലിനീകരണ നിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമവും നടപ്പിലാക്കാൻ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
കുർളയിലെ ചുനഭട്ടിയിലും നെഹ്റു നഗറിലും നിരവധി മസ്ജിദുകളും മദ്രസകളുമുണ്ടെന്നും അവ ഉച്ചഭാഷിണികളും ആംപ്ലിഫയറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അസഹനീയ ശബ്ദമാണെന്നും ആരോപിച്ച് ജാഗോ നെഹ്റു നഗർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി
ഇരു ഭാഗത്തെയും വാദങ്ങൾ കേട്ട ബെഞ്ച്, മുംബൈ ഒരു കോസ്മോപൊളിറ്റൻ നഗരമാണെന്നും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ മത വിശ്വാസികളുണ്ടെന്നും വ്യക്തമാക്കി.
പരാതിക്കാരൻ ആരെന്ന് പുറത്ത് തിരിച്ചറിയപ്പെടാത്ത വിധം തന്നെ അത്തരം പരാതികളിൽ പൊലീസ് നടപടിയെടുക്കണം. പരാതിക്കാരെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണം ഉണ്ടാവാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ബെഞ്ച് നിർദേശം നൽകി. ശബ്ദത്തിന്റെ തോത് പരിശോധിക്കാൻ ഡെസിബൽ ലെവൽ അളക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സർക്കാർ പൊലീസിനോട് നിർദേശിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, എസ്. സി. ചന്ദക് എന്നിവരുടെതാണ് വിധി.

Leave a Reply