മലപ്പുറം : വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനും എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്രറിയുമായിരുന്ന പ്രൊഫ. കടവനാട് മുഹമ്മദിൻ്റെ നാമധേയത്തിലുള്ള പ്രഥമ പ്രൊഫ. കടവനാട് മുഹമ്മദ് മെമ്മോറിയൽ പുരസ്കാരം ഡോ. ശശി തരൂർ എം പി യ്ക്ക് നൽകും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്ക്കാരദാനം നിർവ്വഹിക്കുന്നത്. എം ഇ എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ പി എ ഫസൽ ഗഫൂർ അധ്യക്ഷത വഹിക്കും. അലങ്കോട് ലീലാകൃഷ്ണൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും

എഴുത്തുകാരായ പ്രൊഫ. എം എൻ കാരശ്ശേരി, പി സുരേന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരുൾപ്പെടുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.
ഉയർന്ന മതേതരബോധവും സമഗ്രമായ ജനാധിപത്യചിന്തയും ധൈഷണിക-തത്വചിന്താ മേഖലകളിലെ അഭൂതപൂർവ്വമായ സംഭാവനകളും സാമൂഹിക പ്രവർത്തനത്തിലെ ഔന്നത്യവും കണക്കിലെടുത്താണ് പുരസ്കാരം.
ഡോ ശശി തരൂർ എംപിയുടെ ആദർശധീരതയും സെക്കുലിസത്തിൻ്റെ പ്രചരണത്തിനായുള്ള നിതാന്ത പരിശ്രമങ്ങളും ധൈഷണികമായ ഉൾക്കാഴ്ചയും എഴുത്തുകാരനെന്ന നിലയിലുള്ള ഉൾക്കരുത്തും വാഗ്മിത്വവും സമൂഹത്തിന് മാതൃകയാണെന്ന് ജൂറി വിലയിരുത്തി. ആഗോള പൗരൻ എന്ന നിലയിലുള്ള അടയാളപ്പെടുത്തലുകളും സാമൂഹ്യ സേവനത്തിലുള്ള നിരന്തര സംഭാവനകളും പാർലമെൻ്ററി ജനാധിപത്യത്തിൽ പതിറ്റാണ്ടുകളായുള്ള പരിചയസമ്പത്തും രാജ്യാന്തര നയതന്ത്രത്തിലുള്ള പക്വതയും ഡോ. ശശിതരൂരിൻ്റെ രാഷ്ട്രീയ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നതായും ജൂറി അഭിപ്രായപ്പെട്ടു.

മതേതരത്വത്തിൻ്റെ കരുത്തിനും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടിയുള്ള എഴുത്തുകളാലും പ്രഭാഷണങ്ങളാലും മുഖരിതമായിരുന്നു പ്രൊഫ. കടവനാട് മുഹമ്മദിൻ്റെ ജീവിതം. അദേഹം പ്രതിനിധീകരിച്ച ആദർശവും ചിന്താധാരയും രാഷ്ട്രീയ സമീപനവുമാണ് ഡോ. ശശിതരൂർ എംപിയുടേത്. ആ അർത്ഥത്തിൽ ആദർശ രാഷ്ട്രീയത്തിൻ്റെ ഐക്യം കൂടിയാണ് ഈ പുരസ്കാര വിതരണം.

പി പി സുനീർ എം പി, പി നന്ദകുമാർ എം എൽ എ , നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വഖഫ് ബോർഡ് ചെയർമാൻ അഡ്വ എം കെ സക്കീർ , പൊന്നാനി നഗരസഭാ ചെയർമാൻ ആറ്റുപുറം ശിവദാസ് , സി ഹരിദാസ് , പി സുരേന്ദ്രൻ, അഷറഫ് കോക്കൂർ, പി ടി അജയ്മോഹൻ ,എം എം നാരായണൻ, കെ പി നൗഷാദലി, അജിത് കൊളാടി, എം ജയരാജ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു.
2025 ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എം ഇ എസ് പൊന്നാനി കോളേജിലാണ് പുരസ്കാരവിതരണം നടക്കുന്നത്.

വാർത്താ സമ്മേളനത്തിൽ എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ധീൻ, എം ഇ എസ് പൊന്നാനി കോളേജ് സെക്രട്രറി പ്രൊഫ. മുഹമ്മദ് സഗീർ കാദിരി, എം ഈ എസ് കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളേജ് സെക്രട്ടറി കെ വി ഹബീബുള്ള,എം ഇ എസ് പൊന്നാനി സ്കൂൾ കമ്മറ്റി സെക്രട്ടറിയും ചരിത്രകാരനുമായ ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, എം ഇ എസ് പൊന്നാനി താലൂക്ക് കമ്മറ്റി പ്രസിഡൻ്റ് മുഹമ്മദ് ഇക്ബാൽ, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.