ക്ലൈമാക്സിലേക്ക്

ക്ലൈമാക്സിലേക്ക്

മുംബൈ: തർക്കത്തെത്തുടർന്ന് നീണ്ടു പോയ മഹാരാഷ്ട്ര സർക്കാർ രൂപീകരണം ഉടൻ. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മുംബൈയില്‍ ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗം ഫഡ്‌നാവിസിനെ നേതാവായി തെരഞ്ഞെടുത്തു. ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യ സര്‍ക്കാര്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

നിയമസഭയിലേക്ക് വിജയിച്ച ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ കേന്ദ്രനിരീക്ഷകരനായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ സംബന്ധിച്ചു. നിയമസഭാകക്ഷിയോഗത്തിന് മുമ്പായി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഫഡ്‌നാവിസിന്റെ പേരിന് അന്തിമ അംഗീകാരം നല്‍കിയിരുന്നു.

മഹായുതി നേതാക്കള്‍ ഇന്ന് വൈകീട്ട് 3.30 ന് ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി നേതാവ് സുധീര്‍ മുന്‍ഗാതിവര്‍ പറഞ്ഞു. 54 കാരനായ ഫഡ്‌നാവിസ് ഇതു മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. 2014 മുതല്‍ 2019 വരെയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നത്.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. സംസ്ഥാന ചരിത്രത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ നേട്ടമാണിത്. ശിവസേന ഏക്നാഥ് ഷിന്‍ഡെ പക്ഷം 57 സീറ്റുകളും എന്‍സിപി അജിത് പവാര്‍ പക്ഷം 41 സീറ്റും നേടി. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയെങ്കിലും ശിവസേനയുമായുള്ള തർക്കത്തെത്തുടർന്നാണ് സർക്കാർ രൂപീകരണം നീണ്ടു പോയത്.

Leave a Reply

Your email address will not be published.