പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ. വിജയനെ കൂട്ടുപ്രതി ആക്കണമെന്ന് നവീനിന്റെ കുടുംബം. കളക്ടർക്ക് ഒരിക്കലും മാപ്പ് നൽകില്ല എന്നും നവീനിന്റെ അമ്മാവൻ ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
യാത്രയയ്പ്പിൽ നവീന് താല്പര്യമില്ലായിരുന്നു. നിർബന്ധിതമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചടങ്ങിൽ എത്തിയത് സംശയാസ്പദമാണ്. യാത്രയയ്പ്പ് ചടങ്ങിലെ സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം കളക്ടർക്കാണ്. ആരോപണത്തിനിടയിൽ ദിവ്യയെ തടഞ്ഞില്ലെന്നതുപോട്ടെ അതിനുശേഷം എങ്കിലും കളക്ടർക്ക് നവീനെ ചേർത്തു നിർത്താമായിരുന്നു. നവീനെ കുറിച്ച് വ്യക്തമായ അറിവുള്ളവർ പോലും സംഭവത്തിൽ പ്രതികരിക്കാതിരുന്നതാണ് നവീനിന്റെ മരണത്തിലേക്ക് നയിച്ചത്. സത്യസന്ധനായ ഓഫീസർ എന്ന നിലയിൽ അത് നവീനെ അത്രത്തോളം തളർത്തിയിരിക്കണം. അല്ലാതെ ഒരിക്കലും നവീൻ മരണത്തെക്കുറിച്ച് ചിന്തിക്കുക പോലുമില്ലെന്ന് ബാലകൃഷ്ണൻ ആരോപിച്ചു.
നവീനിന്റെ മരണത്തിൽ പോലും സംശയമുണ്ട്. ടി പി ദിവ്യ ചടങ്ങിൽ എങ്ങനെ എത്തി എന്നുള്ളത് മാറ്റി പറയുന്നു. പഞ്ചായത്ത് പ്രസിഡണ്ടും കളക്ടറും തമ്മിൽ അടുത്ത ബന്ധമാണെന്നും അദ്ദേഹം. പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം വിഷയത്തിൽ ശക്തമായ നിലപാടെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന്റെയും അഴിമതി ആരോപണത്തിന്റെയും അന്വേഷണ
ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റി ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതക്ക് കൈമാറിയിരുന്നു . കളക്ടർ അടക്കമുള്ളവരുടെ മൊഴികൾ ഗീത രേഖപ്പെടുത്തുകയാണ് ഇപ്പോൾ.
റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണ ചുമതല മാറ്റിയത്. രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്.

Leave a Reply