പുതുക്കാട് ടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം 27-ന്

“നാട്ടിക ബീച്ചില്‍ വിവാഹ ഡെസ്റ്റിനേഷന്‍ പദ്ധതി”

ലോക വിനോദസഞ്ചാര ദിനമായ സെപ്റ്റംബര്‍ 27ന് പുതുക്കാട് നിയോജകമണ്ഡലത്തിലെ ടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം ആമ്പലൂരില്‍ നിര്‍വഹിക്കാന്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് സമിതി യോഗത്തില്‍ തീരുമാനിച്ചു. അന്നേദിവസം ചിമ്മിനി ഡാമിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനവും ആരംഭിക്കും. നേരത്തെ 13ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ നിശ്ചയിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാലാണ് 27ലേക്ക് മാറ്റുന്നത്. ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി നാട്ടിക ബീച്ചില്‍ വിവാഹ ഡെസ്റ്റിനേഷന്‍ പദ്ധതി പ്രോത്സാഹിപ്പിക്കും. നിശ്ചിത വാടക ഏര്‍പ്പെടുത്തി ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. എം.എല്‍.എമാരായ സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ.കെ രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ പ്രധാന ടൂറിസം വികസന പദ്ധതികള്‍ സംബന്ധിച്ച് അവലോകനം നടത്തി.

ഏനാമാവ്, ചേറ്റുവ ഡെസ്റ്റിനേഷനുകളുടെ സമീപത്തുള്ള കനോലി കനാലില്‍ കയാക്കിങ് ഉള്‍പ്പെടെയുള്ള വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്ടിവിറ്റികള്‍ സജ്ജമാക്കും. ഇതിനായി ഡി.ടി.പി.സിക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയില്‍ ഏജസികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ച് പദ്ധതി നടപ്പാക്കും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ഹില്‍ സര്‍ക്യൂട്ടിന്റെ ട്രയല്‍ റണ്‍ സെപ്റ്റംബര്‍ 26നും ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബറിലും നടത്തും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പൂമല ഡാം, മിനി ഊട്ടി, പത്താഴക്കുണ്ട് ഡാം, ചെപ്പാറ റോക്ക് ഗാര്‍ഡന്‍, വട്ടായി വെള്ളച്ചാട്ടം, വാഴാനി, പേരപ്പാറ ഡാം, വിലങ്ങന്‍കുന്ന്, കോള്‍നിലങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് സര്‍ക്യൂട്ട് തയ്യാറാക്കിയിട്ടുള്ളത്.

മാള ഗസ്റ്റ് ഹൗസ്, ചേറ്റുവ, വടക്കാഞ്ചേരി വഴിയോരവിശ്രമ കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തന യോഗ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഡി.ടി.പി.സിയുടെയും ഡി.എം.സിയുടെയും നിയന്ത്രണത്തിലുള്ള ഇടങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം സജ്ജമാക്കാനും സി.സി.ടി.വി സ്ഥാപിക്കാനും തീരുമാനിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സെപ്റ്റംബര്‍ 27ന് ലോക വിനോദസഞ്ചാര ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

പൂമല ഇക്കോ ടൂറിസം, വാഴാനി മ്യൂസിക്കല്‍ ഫൗണ്ടന്‍, സ്‌നേഹതീരം ബീച്ച് പാര്‍ക്ക്, കിളിപ്പാടം ഇക്കോ ടൂറിസം, ഗുരുവായൂര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതികള്‍ സംബന്ധിച്ച് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയിലെ വിവിധ ടൂറിസം പദ്ധതികള്‍ സംബന്ധിച്ച അവലോകന യോഗം ബന്ധപ്പെട്ട എം.എല്‍.എമാരെ പങ്കെടുപ്പിച്ച് ചേരുന്നതിനും തീരുമാനിച്ചു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.