കാസ്ഗഞ്ച് (ഉത്തര്‍പ്രദേശ്): യുപിയില്‍ ബംഗാള്‍-ബീഹാര്‍ മോഡല്‍ ആവര്‍ത്തിച്ചാല്‍ ഭാവിയില്‍ തെരഞ്ഞെടുപ്പുകള്‍ ഇല്ലാതാകുമെന്ന് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഇടപെടലും ക്രമക്കേടുകളും നടത്തുകയാണെന്ന് ആരോപിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ രംഗത്ത്. ബിഹാറിലും പശ്ചിമ ബംഗാളിലും കണ്ടതുപോലുള്ള ”സത്യസന്ധതയില്ലായ്മ” ഉത്തര്‍പ്രദേശിലും ആവര്‍ത്തിക്കുകയാണെങ്കില്‍ ഭാവിയില്‍ നിഷ്പക്ഷ തെരഞ്ഞെടുപ്പുകള്‍ തന്നെ അപകടത്തിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കാസ്ഗഞ്ചിലെ സോറോണ്‍ ഗേറ്റില്‍ ഉര്‍മിള ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്ത ശേഷം നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അഖിലേഷ് യാദവ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
”ബിഹാറിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പുകളില്‍ കണ്ടതുപോലുള്ള ക്രമക്കേടുകളും കൊള്ളയും ഉത്തര്‍പ്രദേശിലും ആവര്‍ത്തിക്കുകയാണെങ്കില്‍, ഭാവിയില്‍ തെരഞ്ഞെടുപ്പുകള്‍ തന്നെ ഉണ്ടാകാതിരിക്കുന്ന സാഹചര്യമുണ്ടാകും,” അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ”വനിതാ സംവരണ വിഷയത്തിലും ബിജെപി രാഷ്ട്രീയ കളികള്‍ നടത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കള്‍ക്ക് വിജയിക്കാനാവാത്തവിധം, തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ലോക്‌സഭ രൂപീകരിക്കാനാണ് അവരുടെ ശ്രമം,” അഖിലേഷ് യാദവ് ആരോപിച്ചു.

Leave a Reply