
അരീക്കോട്: സംസ്ഥാനത്തെ മികച്ച കോളേജുകളെ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കെ.ഐ.ആർ.എഫ് റാങ്കിംഗിൽ സുല്ലമുസ്സലാം സയൻസ് കോളജ് മലപ്പുറം ജില്ലയിൽ മൂന്നാം റാങ്കും സംസ്ഥാനതലത്തിൽ 38 ആം സ്ഥാനവും കരസ്ഥമാക്കി.
അക്കാദമിക-ഗവേഷണ മികവ്, സ്റ്റാർട് അപ്പ് – ഇന്നോവേഷൻ രംഗത്തെ പ്രവർത്തനങ്ങൾ, വിദ്യാർത്ഥി സൗകര്യങ്ങൾ, പാഠ്യേതര രംഗത്തെ നേട്ടങ്ങൾ, സാമൂഹിക ഇടപെടലുകൾ, വിദ്യാഭ്യാസ-സാംസ്കാരിക വിനിമയ പദ്ധതികൾ എന്നീ മേഖലകളിലെ പ്രകടനമാണ് കോളേജിനെ മികച്ച കെ.ഐ.ആർ.എഫ് റാങ്കിംഗ് നേടാൻ പ്രാപ്തമാക്കിയത്.
എറണാകുളം രാജഗിരി കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസിൽ നിന്നും കോളേജ് പ്രിൻസിപ്പാൾ ഡോ. പി. മുസ്തഫ ഫാറൂഖ്, ഐ. ക്യൂ. എ. സി. കോ-ഓർഡിനേറ്റർ കെ. എ. അബ്ദുൽ റഹൂഫ് എന്നിവർ പ്രശസ്തി പത്രം ഏറ്റുവാങ്ങി.
നേരത്തെ എൻ. ഐ. ആർ. എഫ്. റാങ്കിംഗിൽ ഇന്ത്യയിലെ മികച്ച 300 കോളേജുകളുടെ പട്ടികയിൽ ഇടം പിടിച്ച കോളേജ് ആദ്യമായാണ് കീർഫ് റാങ്കിൽ പങ്കെടുക്കുന്നതെന്നും ആദ്യ ശ്രമത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചുവെന്നത് കോളേജിന്റെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്നും പ്രിൻസിപ്പാൾ ഡോ. പി. മുസ്തഫ ഫാറൂഖ് പറഞ്ഞു.
Leave a Reply