ഡോ .കെ.ടി.ജലീൽ രചിച്ച് ഡി സി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന “സോഷ്യലിസ്റ്റായ മുഹമ്മദ് നബി ” എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹു.മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ ഫെബ്രുവരി 14-നു മലപ്പുറം മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിക്കുന്നു. മമത (മലപ്പുറത്തിന്റെ മതേതര തനിമ) എന്ന സാംസ്കാരിക കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത് .
മലപ്പുറം ജില്ലയേയും ഇന്ത്യയിലെ മുസ്ലിംങ്ങളെ പൊതുവെയും അപരവൽക്കരിക്കുന്ന ഈ ഫാഷിസ്റ്റ് കാലഘട്ടത്തിൽ ഈ പുസ്തകത്തിനു ഏറെ പ്രസക്തിയുണ്ട്. ഒരു ഭാഗത്ത് ഹിന്ദുത്വ ഫാസിസ്റ്റുകൾ മുസ്ലിംങ്ങളെ രണ്ടാംതരം പൗരന്മാരായി പരിഗണിച്ച് നിരന്തരമായി പൈശാചിക വൽക്കരണത്തിന്റെ ആഖ്യാനങ്ങൾ നിരത്തുമ്പോൾ രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കൾ പൊതുസമൂഹത്തിലും പാർലമെന്റിലും ഇതിനെ പ്രതിരോധിക്കുന്ന കമ്യുണിസ്റ്റുകളെ “ഇടതു ഹിന്ദുത്വ ” എന്ന് വിളിച്ചുകൊണ്ട് ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു. നാളിതുവരെ അരക്ഷിത ന്യുനപക്ഷങ്ങളെ ചേർത്തുപിടിച്ച വരെ വേട്ടക്കാരായി ചിത്രീകരിക്കുന്ന ഈ സമീപനം ആത്യന്തികമായി ഫാസിസ്റ്റുകളെ ആയുധ മണിയിക്കുമെന്ന് മമത തിരിച്ചറിയുന്നു.
ഇസ്‌ലാമോഫോബിയ അതിന്റെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്ന ഈ കെട്ട കാലത്ത് പ്രവാചകൻ ഏതു രീതിയിലാണ് മർദ്ദിതരോടൊപ്പം വിശാലമായ മാനവികത ഉയർത്തിപ്പിടിച്ചതെന്ന് സമർത്ഥിക്കുന്ന ഈ ഗ്രന്ഥത്തിനു സവിശേഷമായ പ്രസക്തിയുണ്ട്. തൊഴിലാളിക്ക് അവന്റെ വിയർപ്പ് വറ്റുന്നതിന്ന് മുമ്പ് വേതനം നൽകണമെന്നും സാമ്പത്തിക ജീവിതത്തിൽ സത്യസന്ധത പാലിക്കാത്തവന്റെ ആരാധന ഫല ശൂന്യമാണെന്നും നബി അടിവരയിട്ടു പറയുന്നു. മനുഷ്യരെ നിങ്ങളെ ഒരേ ആണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ഠിച്ചു വംശംങ്ങളും ഗോത്രങ്ങളും പരസ്പരം തിരിച്ചറിയാൻ മാത്രമാണെന്നും പറഞ്ഞ പ്രവാചകൻ എല്ലാ വർഗ്ഗ വർണ്ണ വ്യത്യാസങ്ങളെയും മറികടക്കുന്ന മാനവികത ഉയർത്തിപ്പിടിച്ചു .
ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും അപനിർമ്മിതി നടത്തി ഇസ്ലാമോഫോബിയ പരത്തുന്ന കാലത്ത് സ്ഥിതി സമത്വത്തിനും മാനവികതക്കും യത്നിച്ച ഒരു പ്രവാചകനെ അടയാളപ്പെടുത്തുന്ന ഈ പുസ്തകം പൊതു സമൂഹത്തിൽ എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
പുസ്തകം ഏറ്റുവാങ്ങുന്നത് ജ . തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ( ജനറൽ സെക്രട്ടറി, ദക്ഷിണ കേരള ജംഇയത്തുൽ ഉലമ) യും പുസ്തക പരിചയം നടത്തുന്നത് റവറന്റ് അജീഷ് വിനോദ് ( CSI ഡയോസിസ് ഓഫ് മലബാർ) എന്നിവരുമാണ്. പുസ്തക രചയിതാവ് ഡോ .കെ.ടി ജലീൽ എം.എൽ.എ പരിപാടിയിൽ പങ്കെടുക്കുന്നു.
ഡോ . ഹുസൈൻ രണ്ടാത്താണി , അനിൽ .കെ.പി. അസീസ് തുവൂർ ,ഡോ . അബ്ദുൽ റസാക്ക് , ഡോ . മുബാറക്ക് സാനി, നാൻസി ടീച്ചർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
ഡോ . അബ്ദുൽ റസാക്ക് ഡോ . മുബാറക്ക് സാനി
പ്രസിഡന്റ് സെക്രട്ടറി
Leave a Reply