
അമേരിക്കയിൽ ഗവേഷണ പഠനത്തിന് അവസരം
പെരിന്തൽമണ്ണ: തൂത പാറൽ ദാറുൽ ഉലൂം വാഫി കോളേജ് പൂർവ്വ വിദ്യാർത്ഥിയും വെട്ടത്തൂർ സ്വദേശിയുമായ അൽതാഫ് ഹുസൈൻ വാഫിക്ക് അമേരിക്കയിലെ വിഖ്യാതമായ വില്യം ആൻഡ് മേരി സർവകലാശാലയിൽ മൂന്ന് കോടിയോളം രൂപയുടെ സ്കോളർഷിപ്പോടെ പിഎച്ച്ഡി ഗവേഷണത്തിന് അവസരം.
അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സർവകലാശാലയായ വെർജീനിയയിലെ വില്യം ആൻഡ് മേരിയിൽ സാമ്പത്തിക നരവംശശാസ്ത്രത്തിൽ
‘ട്രാൻസ്‌നാഷണൽ ബന്ധുവ്യവസ്ഥയും കുടുംബ ധനകാര്യവും:ദക്ഷിണേഷ്യൻ കുടിയേറ്റ വഴികളിലെ കുടിയേറ്റം കുടുംബബന്ധങ്ങളെയും കുടുംബത്തിലെ അധികാരഘടനകളെയും നിക്ഷേപ തീരുമാനങ്ങളെയും എങ്ങനെ പുനർരൂപപ്പെടുത്തുന്നു’ എന്ന വിഷയത്തിലാണ് അൽതാഫ് വാഫി ഗവേഷണം നടത്തുക.
സർവകലാശാലയുടെ അഭിമാനകരമായ ഫുള്ളി ഫണ്ട് സ്കോളർഷിപ്പും കൂടാതെ ഓരോ വർഷത്തിലെയും അപേക്ഷകളിൽ ഏറ്റവും മികച്ച പ്രൊപ്പോസലിന് നൽകുന്ന ‘വാൾട്ടർ ജെ. സേബിൾ ഗ്രാജ്വേറ്റ് ഫെലോഷിപ്പിനും വാഫി യോഗ്യത നേടി. ഗവേഷണ കാലയളവിലെ മുഴുവൻ ചെലവുകളും താമസസൗകര്യവും ഈ ഫെലോഷിപ്പുകളിലൂടെ ലഭ്യമാകും. മാരായമംഗലം വാഫി കോളേജിൽ നിന്ന് വാഫി പഠനം ആരംഭിച്ച അദ്ദേഹം തൂത ദാറുൽ ഉലൂം വാഫി ക്യാമ്പസിൽ നിന്നാണ് വാഫി ബിരുദ പഠനം പൂർത്തിയാക്കിയത്. തുടർന്ന് കാളികാവ് വാഫി ക്യാമ്പസിലെ ഇസ്ലാമിക് ഹിസ്റ്ററി- കൾച്ചർ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് പിജിയും കരസ്ഥമാക്കി. കൂടാതെ 2022 ൽ ഇങ്ങനോട് ഇന്ദിര ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ സോസിയോളജി യും 2024 ൽ ഹൈദരാബാദിലെ മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിൽ നിന്ന് എം കോം പിജിയും , കൊമേഴ്സിൽ നെറ്റ് ഉം കരസ്ഥമാക്കി. നിലവിൽ എംഇഎസ് കല്ലടി കോളേജ് മണ്ണാർക്കാട് കൊമേഴ്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലിചെയ്യുന്ന അദ്ദേഹം എം. എസ്. എഫിലൂടെ ഹരിത രാഷ്ട്രീയത്തിലും ക്യാമ്പസ് രാഷ്ട്രീയത്തിലും സജീവ സാനിദ്ധ്യമായിരുന്നു. ഹൈദരാബാദ് മാനു യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയനിൽ എം.എസ്.എഫ് പ്രതിനിധിയായി മത്സരിച്ച് വിജയിക്കുകയും യൂണിയൻ ട്രഷററായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
വെട്ടത്തൂർ ചോലക്കൽ മുഹമ്മദ് കുട്ടി മുസ്ലിയാര് ആമിന കുട്ടി ദമ്പതികളുടെ മകനാണ്. മത-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിന്റെ കരുത്തിലാണ് മലയാളിയായ തനിക്ക് ആഗോള വിദ്യാഭ്യാസ ഭൂപടത്തിൽ ശ്രദ്ധേയ നേട്ടം കൈവരിക്കാനായത് എന്ന് വാഫി പറഞ്ഞു.
Leave a Reply