
തൃശൂർ സെന്റ് തോമസ് കോളേജും വിമല കോളേജും ജേതാക്കൾ
അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് സംഘടിപ്പിച്ച കാലിക്കറ്റ് സർവകലാശാല ഇന്റർ-കൊളീജിയേറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ടീം ഇനത്തിൽ തൃശൂർ സെന്റ് തോമസ് കോളേജ് ജേതാക്കളായി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗം ടീം ഇനത്തിൽ തൃശ്ശൂർ വിമല കോളേജ്, പാലക്കാട് മേഴ്സി കോളേജ്, തൃശ്ശൂർ സെന്റ് മേരീസ് കോളേജ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
പുരുഷന്മാരുടെ വ്യക്തിഗതയിനത്തിൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിന്റെ അജിത്ത് കെ, മനോജ് കുമാർ എം, അജ്മൽ എം. എഫ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയപ്പോൾ വനിതകളുടെ വ്യക്തിഗത മത്സരത്തിൽ രഞ്ജിത വി (സെന്റ് മേരീസ് കോളേജ്, തൃശൂർ), ഐറിൻ തോമസ് (മേഴ്സി കോളേജ്, പാലക്കാട്), ഐശ്വര്യ എസ് (വിമല കോളേജ്, തൃശൂർ) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
പുരുഷ വിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളേജും വനിതാ വിഭാഗത്തിൽ തൃശൂർ വിമല കോളേജും ജേതാക്കൾക്കുള്ള വൈസ് ചാൻസലേഴ്സ് എവർ റോളിങ്ങ് ട്രോഫിയും കരസ്ഥമാക്കി.
ചൊവ്വാഴ്ച രാവിലെ 6.30 നു സുല്ലമുസ്സലാം സയൻസ് കോളേജിൽ നിന്നാരംഭിച്ച് കുറ്റൂളി വഴി അരീക്കോട് ടൗണിൽ അവസാനിച്ച പത്ത് കിലോമീറ്റർ മത്സരത്തിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിലെ വിവിധ കോളേജുകളിൽ നിന്നുള്ള നൂറോളം അത് ലിറ്റുകൾ പങ്കെടുത്തു.
സുല്ലമുസ്സലാം സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖ് ഫ്ലാഗ് ഓഫ് ചെയ്തു. അരീക്കോട് എൻ വി. ഹൈറ്റ്സ് നു മുൻപിൽ നടന്ന സമാപന ചടങ്ങ് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള മെഡലുകളും ട്രോഫിയും അദ്ദേഹം സമ്മാനിച്ചു.
ചടങ്ങിൽ സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജർ പ്രൊഫ. എൻ.വി. അബ്ദുറഹ്മാൻ, കോളേജ് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖ്, കാലിക്കറ്റ് സർവകലാശാല ഒബ്സർവറും ടെക്നിക്കൽ ഒഫീഷ്യലുമായ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം, കോളേജ് മാനേജ്മെന്റ് കമ്മിറ്റിയംഗം കാഞ്ഞിരാല അബ്ദുൽ കരീം, കായിക വിഭാഗം മേധാവി ആമിർ സുഹൈൽ എന്നിവർ സംസാരിച്ചു.



Leave a Reply