
കൃഷ്ണൻ എരഞ്ഞിക്കൽ
പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ സാങ്കേതിക തകരാർ മൂലം നഷ്ടപ്പെട്ടത് ദുരൂഹവും പ്രതിഷേധാർഹവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്ന പേരിൽ രാജ്യത്തെ ലക്ഷക്കണക്കിന് വോട്ടർമാരെ ആശങ്കപ്പെടുത്തുകയും അനേകം പേരെ പട്ടികയിൽ നിന്നും പുറത്താക്കുകയും ചെയ്തു. പട്ടികയിൽ നിന്നും പുറത്തായവർ പേര് ഉൾപ്പെടുത്തുന്നതിന് വില്ലേജുകളിൽ ഹിയറിങ് ഉൾപ്പെടെയുള്ള സങ്കീർണമായ നടപടികൾ ഒരു ഭാഗത്ത് നടക്കുമ്പോഴാണ് പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ നഷ്ടപ്പെട്ടു എന്ന വിവരം പുറത്തുവരുന്നത്. ജോലിത്തിരക്കിനിടയിൽ വളരെ ബുദ്ധിമുട്ടിയാണ് ഓൺലൈനിൽ അപേക്ഷ നൽകിയത്. എന്നാൽ സാങ്കേതിക തകരാർ മൂലം അപേക്ഷകൾ നഷ്ടപ്പെട്ടു എന്ന വിശദീകരണം വിശ്വസിക്കാൻ കഴിയുന്നതല്ല. പരിമിതമായ ദിവസങ്ങൾ മാത്രമാണ് പുതിയ വോട്ടുചേർക്കൽ അപേക്ഷയ്ക്ക് ബാക്കിയുള്ളത് എന്നിരിക്കെ ഇപ്പോൾ പുറത്തുവരുന്ന വിവരം പ്രവാസി വോട്ടർമാരിൽ ആശങ്ക ഉണ്ടാക്കുന്നതാണ്. വോട്ടുചോരുന്നതിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരുടെ സമ്മതിദാനാവകാശം നിഷേധിക്കുകയും കൃത്രിമമായി വ്യാജ വോട്ടർമാരെ ചേർക്കുകയും ചെയ്ത സംഭവം നമ്മുടെ മുന്നിലുണ്ട്. ഈ ഘട്ടത്തിൽ ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply