കോട്ടക്കൽ: പരിസ്ഥിതിയുമായും സമൂഹവുമായുള്ള ബന്ധത്തിലൂടെ ഉടലെടുക്കുന്ന ഒരു വ്യവസ്ഥയായി മനുഷ്യനെ കാണുമ്പോഴാണ് വൈദ്യശാസ്ത്രം സമഗ്രമാകുന്നത് എന്ന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് പ്രസ്താവിച്ചു. ആയുർവേദം അത്തരത്തിൽ മനുഷ്യന്റെ ആരോഗ്യത്തെയും രോഗത്തെയും വിഭാവനം ചെയ്യുന്നു. വൈദ്യരത്നം പി. എസ്. വാരിയർ ആയുർവേദ കോളെജ് കോട്ടയ്ക്കൽ 109 ആം സ്ഥാപനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. 1917 ൽ വൈദ്യരത്നം പി. എസ്. വാരിയർ കോഴിക്കോട് ആരംഭിച്ച ആര്യവൈദ്യ പാഠശാലയാണ് പലതരം വഴിത്തിരിവുകൾ പിന്നിട്ട് ഇന്നത്തെ ആയുർവേദ കോളെജായത്. ക്യു സി.ഐയും നാഷണൽ കമ്മീഷൻ ഓഫ് ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനും നടത്തിയ ഗുണനിലവാര പരിശോധനയിൽ തുടർച്ചയായി രണ്ടാം തവണയും ദേശീയതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയതിന്റെ മികവിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ.

രാവിലെ 9.30 കോളെജ് അങ്കണത്തിൽ വിദ്യാർഥികളും ജീവനക്കാരും സ്ഥാപനദിന പ്രതിജ്ഞ എടുത്തു. ആര്യവൈദ്യശാല ട്രസ്റ്റി ഡോ. കെ. മുരളീധരൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും അനുഗ്രഹഭാഷണം നടത്തകയും ചെയ്തു. കോളെജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ബിന്ദു അധ്യക്ഷയായിരുന്നു.
കോളെജിലെ ആദ്യകാല അധ്യാപകനും പി. എസ്. വാരിയരുടെ സമകാലികനും പ്രശസ്ത സ്ത്രീരോഗ വിദഗ്ധനുമായിരുന്ന ഡോ. ഇ. രാമവാരിയരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി, അദ്ദേഹത്തിന്റെ ചികിത്സാനുഭവങ്ങളും ലേഖനങ്ങളും ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ കൊച്ചുമകൾ ഡോ. ഇ. സന്ധ്യ തയ്യാറാക്കിയ “ഞാൻ കാണാത്ത എന്റെ അച്ഛച്ഛൻ” എന്ന ഗ്രന്ഥം പ്രിൻസിപ്പൽ പ്രകാശനം ചെയ്തു. ആലപ്പുഴ ഗവ മെഡിക്കൽ കോളെജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ. വി. രാംലാൽ പുസ്തകം സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളെജ് പത്തോളജി വിഭാഗം പ്രൊഫസർ ഡോ.ലസിത. എസ് ഗ്രന്ഥം പരിചയപ്പെടുത്തി.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ബെസ്റ്റ് ടീച്ചർ പുരസ്കാരം ലഭിച്ച ഡോ എം. വി. വിനോദ്കുമാര്‍, കഴിഞ്ഞ വർഷം പി. എച്ച്.ഡി കരസ്ഥമാക്കിയ അധ്യാപകരായ ഡോ. മുകേഷ്. ഇ, ഡോ. അനുപമ കൃഷ്ണൻ, ഡോ. ഷൈനി തങ്കച്ചൻ എന്നിവരെ ആദരിച്ചു. ക്യു സി.ഐ റേറ്റിങ്ങിൽ നേരിയ മികവിന് കോളെജിനുള്ള ആദരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എ.എൻ. നീലകണ്ഠനിൽ നിന്ന് പ്രിൻസിപ്പൽ ഡോ. കെ.കെ.ബിന്ദു ഏറ്റുവാങ്ങി. നാഷനൽ ആയുഷ് മിഷൻ അനുവദിച്ച കാരുണ്യ, സുപ്രജ, ശല്യതന്ത്ര എന്നീ പ്രൊജക്ടുകളുടെ ഉദ്ഘാടനം കെ.എ.എസ്.ആർ. എസ് എക്സിക്യൂട്ടീവ് ഡയറക്ടർ റജീന ആർ നിർവഹിച്ചു.

കാൻസർ ചികിത്സക്കായി കോളജിൽ ആരംഭിക്കുന്ന പ്രത്യേക ഒ.പി. പിടിഎ പ്രസിഡണ്ടും പ്രഗത്ഭ കാൻസർ ചികിത്സകനുമായ ഡോ. കെഎം മധു ഉദ്ഘാടനം ചെയ്തു. മരണാനന്തരം സ്വന്തം ശരീരം വൈദ്യപഠനത്തിനായി വിട്ടുകൊടുക്കാൻ സമ്മതപത്രം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് ഓഫ് ഇന്ത്യ കോളെജിലെക്ക് സംഭാവന ചെയ്ത സ്മാർട്ട് ബോർഡ് പ്രിൻസിപ്പൽ സ്വീകരിച്ചു. കഴിഞ്ഞ വർഷം പലതരത്തിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കുകയും വിവിധ എന്റോവ്മെന്റുകൾ വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. എൻ. മനോജ് കുമാർ സ്വാഗതവും അധ്യാപക പ്രതിനിധി ഡോ. ജിഗീഷ്. പി. പി, അനധ്യാപകപ്രതിനിധി തിലക് യു.പി, കോളെജ് യൂണിയൻ പ്രതിനിധി കാരുണ്യ സന്തോഷ്, പി.ജി.എസ്.എ. പ്രതിനിധി ഡോ. റെയ്നിമോൾ രാജു, എച്ച്.എസ്.എ പ്രതിനിധി ഡോ. ദേവശ്രീ ദേവദത്ത് എന്നിവർ ആശംസയും ഓഫീസ് സൂപ്രണ്ട് അബ്ദുൾ നാസർ വാക്കയിൽ നന്ദിയും നേർന്നു.

Leave a Reply

Your email address will not be published.