ഫസൽ

ജയിലിൽ വെച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് പണവും മൊബൈലും കവർന്ന കേസിലെ പ്രതി റിമാന്റിലേക്ക്

രവിമേലൂർ

ഇരിങ്ങാലക്കുട : 09.11.2025 തിയ്യതി രാത്രി 09.30 മണിയോടെ മനവലശ്ശേരി താണിശ്ശേരി സ്വദേശി പുതുപ്പാറ വീട്ടിൽ ഷാജി 49 വയസ്സ് എന്നയാൾ കരൂപടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നും പ്രതിയോട് ഇറങ്ങിപ്പോകാൻ പറഞ്ഞതിലുള്ള വിരോധത്താൽ മുറിയിൽ വച്ച് പ്രതി ഷാജിയെ മുഖത്തും തലയിലും കൈകൊണ്ട് ഇടിക്കുകയും ഇടി കൊണ്ട് നിലത്തുവീണ ഷാജിയെ പ്രതി അവിടെയുണ്ടായിരുന്ന കത്തികൊണ്ട് ഇടതു കഴുത്തിലും വലതു ഷോൾഡറിലും വലതു നെഞ്ചിന്റെ മുകൾഭാഗത്തും ചുണ്ടിലും കുത്തി ഗുരുതര പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഷാജിയുടെ കൈ പുറകിലേക്കാക്കി തുണികൊണ്ട് കയ്യും കാലും വായും കെട്ടിയിട്ട് ഷാജിയുടെ 1500 രൂപ വില വരുന്ന മൊബൈൽ ഫോണും 3000 രൂപ വില വരുന്ന രണ്ട് വാച്ചും പേഴ്സിൽ ഉണ്ടായിരുന്ന 4000 രൂപയും കവർച്ച ചെയ്ത് കൊണ്ട് പോയ സംഭവത്തിന് കൊടുങ്ങല്ലൂർ മേഡേൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാജിയുടെ മൊഴി പ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു.

ഈ കേസിലെ പ്രതിയായ പുത്തൻച്ചിറ കോവിലകത്ത്കുന്ന് സ്വദേശി അടയിനിപറമ്പിൽ വീട്ടിൽ ഫസൽ 18 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പരാതിക്കാരൻ 2025 ഒക്ടോബർ 10 മുതൽ  ഒക്ടോബർ 31 വരെ ആളൂർ പോലീസ് സ്റ്റേഷനിലെ ഒരു കേസിലെ വാറണ്ട് പ്രകാരം ഇരിങ്ങാലക്കുട സബ് ജയിലിൽ കിടന്നിരുന്നു. ആ സമയം ജയിലിൽ വെച്ചാണ് പ്രതിയായ ഫസലിനെ പരിചയപ്പെടുന്നത്. 2025 നവംബർ ആറാം തിയ്യതിയാണ് ഫസൽ ജയിലിൽ നിന്നിറങ്ങിയത്. ഷാജിയെ ഫസലിന്റെ ഉമ്മ ഫോണിൽ വിളിച്ച് ഫസൽ വീട്ടിൽ വന്നാൽ പ്രശ്നമാകുമെന്നും, കുറച്ച് ദിവസം ഷാജിയുടെ കൂടെ താമസിപ്പിക്കാമോയെന്നും ചോദിച്ചിരുന്നു. നവംബർ 6 ന് ഫസൽ ഷാജിയുടെ റൂമിൽ വന്ന് താമസിച്ചു. 8-ാം തിയ്യതി ഫസൽ ഷാജിയുടെ റൂമിൽ നിന്നില്ല. 11-ാം തിയ്യതി ഉച്ചക്ക് വീണ്ടും ഷാജിയുടെ റൂമിലേക്ക് ഫസൽ വന്നിരുന്നു. ഫസൽ റൂമിൽ താമസിച്ചാൽ  വീട്ടുടമസ്ഥൻ അറിഞ്ഞാൽ പ്രശ്നമാകുമെന്നും തിരികെ ഉമ്മയുടെ അടുത്തേക്ക് പോകാനും ഷാജി ഫസലിനോട് പറഞ്ഞു. ഫസലിന്റെ വീടിന്റെ അടുത്ത് ഒരു കല്യാണം ഉണ്ടെന്നും അത് കഴിഞ്ഞാൽ ഉമ്മയുടെ അടുത്തേക്ക് പോകാമെന്നും ഫസൽ പറഞ്ഞു. തുടർന്ന് ഷാജി കുളിക്കുവാൻ പോയി തിരികെ വന്നപ്പോൾ ടീപ്പോയിയിൽ വച്ചിരുന്ന രണ്ട് വാച്ചും ബാഗിൽ വച്ചിരുന്ന പഴ്സും അവിടെ കാണാത്തതിനാൽ ഫസലിനോട് ചോദിച്ചു.  ഫസൽ ദേഷ്യപ്പെടുകയും സ്വഭാവം മാറുന്നതും ശ്രദ്ധയിൽപ്പെട്ട ഷാജി ഫസലിനോട് റൂമിൽ നിന്ന് ഇറങ്ങിപ്പോവാൻ പറയുകയായിരുന്നു. ഇങ്ങനെ പറഞ്ഞതിലുള്ള വൈരാഗ്യത്താലാണ് ഫസൽ ഷാജിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ഫസൽ മാള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 55000/- രൂപയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എം.കെ ഷാജി, എസ് ഐ എം.ആർ കൃഷ്ണപ്രസാദ്, ജി എസ് ഐ എം.എ മുഹമ്മദ് റാഷി, ജി എ എസ് ഐ അൻവറുദ്ദീൻ, ജി എസ് സി പി ഒ മാരായ എൻ എം ഗിരീഷ്, ടി.ജെ സതീഷ്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.