ഡോജോ ഡേവീസ്

മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ 29782585/- (രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷത്തി എൺപത്തിരണ്ടായിരത്തി അഞ്ഞൂറ്റി എൺപത്തി അഞ്ച്) രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം നെടുംമ്പാശ്ശേരി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ

ബാങ്കിലെ ജൂനിയർ ക്ലർക്ക് ആയിരുന്ന മാള വടമ കാവനാട് സ്വദേശി ആത്തപ്പിള്ളി വീട്ടിൽ ഡോജോ ഡേവീസ് 41 വയസ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ക്രൈം ബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട : മാള കുരുവിലശ്ശേരി സർവ്വിസ് സഹകരണ ബാങ്കിലെ പ്രസിഡന്റ്, അസ്സിസ്റ്റന്റ് സെക്രട്ടറി, മറ്റൊരു ജുനിയർ ക്ലാർക്ക്, ഡോജോ ഡേവീസ് എന്നിവർ ചേർന്ന് 03.12.2011 തിയ്യതി മുതൽ 05.11.2019 തിയ്യതി വരെയുള്ള കാലയളവിൽ സ്ഥാപനത്തിലെ മെമ്പർമാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി ലോൺ പാസാക്കിയെടുത്താണ് 29782585/- (രണ്ട് കോടി തൊണ്ണൂറ്റിയേഴ്‌ ലക്ഷത്തി എൺപത്തിരണ്ടായിരത്തി അഞ്ഞൂറ്റ് എൺപത്തി അഞ്ച്) രുപയുടെ തട്ടിപ്പ് നടത്തിയത്.

ഈ സംഭവത്തിന് ബാങ്ക് സെക്രട്ടറി കല്ലേറ്റുംകര സ്വദേശി നെരേപറമ്പൻ വീട്ടിൽ നിക്സൺ 51 വയസ് എന്നയാൾ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ച പരാതി വിശദമായി പരിശോധിച്ചതിന് ശേഷം മാള പോലീസ് സ്റ്റേഷനിലേക്ക് അയച്ച് കൊടുക്കുകയും  മാള പോലീസ് സ്റ്റേഷനിൽ കേസെടുക്കുകയുമായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം ഈ കേസ്സിന്റെ അന്വേഷണം തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. 

ഈ കേസിലെ പ്രതിയായ ഡോജോ ഡേവീസിനെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കുന്നതിനായി നെടുംമ്പാശ്ശേരി എയർപ്പോർട്ടിൽ എത്തിയ ഇയാളെ ലുക്കൗട്ട് സർക്കുലർ പ്രകാരം എയർ പോർട്ടിൽ തടഞ്ഞ് വയ്ക്കുകയും വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചത് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നെടുംമ്പാശ്ശേരിയിലേക്ക് അയക്കുകയുമായിരുന്നു. തുടർന്ന് പ്രതിയെ തൃശ്ശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസ് കുമാർ എം മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി , ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരായ സബ്ബ് ഇൻസ്പെക്ടർ ബെനഡിക്ട് പി എം, ജി എസ് ഐ രാജേഷ് ടി ആർ, ജി എ എസ് ഐമാരായ റാഫി, ഷിൽജ, ഷനിദ, രാജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.