കോഴിക്കോട്: മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തല്ല എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വിചിത്രമാണെന്നും ഭൂമി വഖഫാണോ അല്ലേ എന്ന് ആരും കോടതിയോട് ചോദിച്ചിട്ടില്ലെന്നും ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി. മുനമ്പം വഖഫുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത് സ്റ്റേ ചെയ്തുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ അപ്പീലിന്മേലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. 1950ലെ ഫാറൂഖ് കോളേജിന് ഭൂമി കൈമാറുന്ന പ്രമാണത്തിൽ ആർക്കും മനസ്സിലാവുന്ന ഭാഷയിൽ ദൈവത്തിൻ്റെ നാമത്തിൽ വഖഫ് ചെയ്യുകയാണെന്ന് ആവർത്തിക്കുന്നുണ്ട്. ഫാറൂഖ് കോളേജിന് നൽകിയത് ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉൾക്കൊള്ളിച്ചതോടെ ഭൂമി വഖഫ് അല്ലാതായെന്നുമുള്ള കോടതിയുടെ കണ്ടെത്തൽ ശരിയായ വായനയിലൂടെയല്ല. സ്വത്ത് വഖഫാണോ അല്ലേ എന്ന് പരിശോധിക്കാൻ ആരാണ് കോടതിയോട് ആവശ്യപ്പെട്ടതെന്ന പ്രസക്തമായ ചോദ്യം ബാക്കിയാവുന്നുണ്ട്. വഖഫിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങളുടെ സ്വാധീനം ഈ വിധിയിൽ ദർശിക്കാവുന്നതാണെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published.