മലപ്പുറം: മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ് സ്ഥാപിച്ച അൽ അമീൻ പത്രത്തിന്റെ നൂറാം വാർഷികോത്സവത്തിന്റെ സമാപനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ്‌ അബ്ദുറഹിമാൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിന്ന വിവിധ പരിപാടികൾക്കാണ് നാളെ (തിങ്കളാഴ്ച) രാവിലെ 10ന് മലപ്പുറം വ്യാപാര ഭവനിൽ നടക്കുന്ന മാധ്യമ സെമിനാറോടെ സമാപനം കുറിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ചടങ്ങിൽ മുഖ്യാതിഥിയാവും.

പ്രഥമ മുഹമ്മദ്‌ അബ്ദുറഹിമാൻ മാധ്യമ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും

ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലും, മുതിർന്ന പത്രപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാമുമാണ് പുരസ്കാര ജേതാക്കൾ. മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഇരുവർക്കും അവാർഡ്. 25025 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
എൻ.പി ചെക്കുട്ടി, എൻ. ശ്രീകുമാർ, പി. അബ്ദുൽ ബായിസ് എന്നിവരടങ്ങുന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

എ.പി അനിൽകുമാർ എംഎൽഎ, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, ഡിസിസി പ്രസിഡന്റ് വി എസ് ജോയ് തുടങ്ങി രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ മുൻ എംപി, സി ഹരിദാസ്, വീക്ഷണം മുഹമ്മദ്, പികെ നൗഫൽ ബാബു അറിയിച്ചു.

Leave a Reply

Your email address will not be published.