മലപ്പുറം: നഗരസഭയിൽ ഇടതുപക്ഷ കൗൺസിലർമാരുടെയും ഡിവൈഎഫ്ഐ നേതാക്കന്മാരുടെയും, നേതൃത്വത്തിൽ വ്യാപകമായി വ്യാജ രേഖ ചമച്ച് ചേർത്തതായി പരാതി. ഇടതുപക്ഷ മെമ്പർമാർ പ്രതിനിധീകരിക്കുന്ന കൈനോട്, കള്ളാടിമുക്ക്, മുതുവത്ത്പറമ്പ് വാർഡുകളിലാണ് വ്യാപകമായി വ്യാജരേഖ ചമച്ച് വോട്ടുകൾ ചേർത്തത്. പത്താംതരത്തിലും, പ്ലസ് വണ്ണിനും പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വ്യാപകമായി രേഖകൾ വാങ്ങി എസ്എസ്എൽസി ബുക്ക് കൃത്രിമമായി ജനനത്തീയതി തിരുത്തിയാണ് വോട്ടുകൾ ചേർത്തത്. നിലവിൽ വോട്ടർപട്ടികയിലും, ആധാർ കാർഡിലും, എസ്എസ്എൽസി ബുക്കിലും വ്യത്യസ്ത ജനനത്തീയതികളുള്ള കൃത്രിമം നടത്തിയ രേഖകൾ ഉൾപ്പെടെയുള്ളവയുമായി യുഡിഎഫ് നേതാക്കൾ ജില്ലാ കലക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട്, സംസ്ഥാന ഇലക്ഷൻ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.
കൂടാതെ ഇന്ന് കേരള ഹൈക്കോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യും. നഗരസഭയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന തിരുവനന്തപുരം ജില്ലാ സ്വദേശിയായ മുൻ സിപിഎം നേതാവിന്റെ നേതൃത്വത്തിലാണ് വ്യാപകമായി കള്ളവോട്ട് ചേർക്കൽ പ്രവർത്തനം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. ഈ ഉദ്യോഗസ്ഥൻ മുൻപും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കൃത്രിമമായി വോട്ട് ചേർക്കലിന് കൂട്ടു നിന്നതിന്റെ പേരിൽ സസ്പെൻഷൻ നേരിട്ട വ്യക്തിയാണ്. കഴിഞ്ഞദിവസം വോട്ട് ചേർക്കാൻ എത്തിയ വിദ്യാർത്ഥിനി ആളുകൾക്കിടയിൽ വച്ച് പരസ്യമായി എനിക്ക് പ്രായമായിട്ടില്ല പിന്നെ എന്തിനാണ് വോട്ട് ചേർക്കാൻ കൊണ്ടുവന്നതെന്നു പ്രതികരിച്ചതുൾപ്പെടെ നിരവധി നിരപരാധികളും ഇത്തരത്തിൽ ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ വോട്ട് ചേർക്കലിൽ അകപ്പെട്ടതായി സംശയിക്കുന്നു. കൂടാതെ കള്ളാടിമുക്ക് വാർഡ് കൗൺസിലറുടെ ഭർത്താവിൻ്റെ പേരിൽ വാടകക്കുള്ള അംഗനവാടി കെട്ടിടത്തിലും വ്യാപകമായി വോട്ടുകൾ ചേർത്തതായി രേഖാമൂലം യുഡിഎഫ് നേതാക്കൾ പരാതി നൽകി.
ഉത്തരേന്ത്യൻ മോഡൽ വോട്ട് കൊള്ള ജനാധിപത്യ സംവിധാനത്തിന് നാണക്കേടാണെന്നും ശക്തമായ നടപടികൾ സ്വീകരിക്കും വരെയും പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും നഗരസഭാ ചെയർമാൻ മുജീബ് കാടേരി പ്രസ്താവിച്ചു. വോട്ട് കൊള്ളക്കെതിരെയുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാജരേഖ ചമ്മക്കുന്നതു ഉൾപ്പെടെ മലപ്പുറത്ത് കേട്ടുകേൾവിയില്ലാത്ത കൃത്രിമങ്ങൾക്ക് ഡിവൈഎഫ്ഐയും ഉദ്യോഗസ്ഥരും നേതൃത്വം നൽകുന്നത് നോക്കിനിൽക്കില്ലെന്നും നീതി ലഭ്യമാകും വരെ ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ പരിപാടികൾക്ക് മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പികെ ബാവ, വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ. റിനിഷ റഫീഖ്, മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ മന്നയിൽ അബൂബക്കർ, ഈസ്റ്റേൺ സലീം, കുഞ്ഞാൻ കാളമ്പാടി, സുബൈർ മൂഴിക്കൽ, സുഹൈൽസാദ് പറമ്പൻ, എപി ജാഫർ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply