മലപ്പുറം : ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഓണപ്പരീക്ഷയുടെ ടൈംടേബിൾ പരിഷ്‌കരിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ( എ.എച്ച് എസ് ടി എ ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ മാസം 18 മുതൽ 27 വരെയാണ് ഹയർ സെക്കൻഡറി വിഭാഗത്തിന് ഓണപ്പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്.

ഇതിൽ 19ന് രാവിലെ പ്രധാന വിഷയങ്ങളായ ഇംഗ്ലിഷ് പരീക്ഷയും ഉച്ചയ്ക്ക് ശേഷം സയൻസ് വിദ്യാർഥികൾക്ക് ഗണിത ശാസ്ത്ര പരീക്ഷയുമാണ് ക്രമീകരിച്ചിട്ടുള്ളത്. രണ്ട് പ്രധാന വിഷയങ്ങൾ ഒരുമിച്ചു ഒരു ദിവസം വരുന്നത് വിദ്യാർഥികൾക്കു ബുദ്ധിമുട്ട് സൃഷ്‌ടിക്കുമെന്നതിൽ സംശയമില്ല. 19ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഗണിത ശാസ്ത്ര പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി പുനഃക്രമീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സയൻസ് വിദ്യാർഥികൾക്ക് 25, 26 ദിവസങ്ങളിൽ പരീക്ഷയില്ല.

21ന് നിശ്ചയിച്ചിരിക്കുന്ന കംപ്യൂട്ടർ സയൻസ് പരീക്ഷ 20ന് രാവിലെ നടക്കുന്ന ബയോളജി പരീക്ഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ക്രമീകരിച്ച് 21ന് രാവിലെ കണക്ക് പരീക്ഷ നടത്താവുന്നതാണ്

മാതൃകാ പരീക്ഷയുടെ ടൈംടേബിൾ അശാസ്ത്രീയമായി തയ്യാറാക്കിയവർ ഇപ്പോൾ ഓണപ്പരീക്ഷക്കും അതേ മാതൃക പിന്തുടരുകയാണെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി .

കുട്ടികളുടെ ആശങ്ക പരിഹരിക്കുന്ന രീതിയിൽ ടൈം ടേബിൾ പുന ക്രമീകരിക്കണമെന്ന് എഎച്ച്എസ്‌ടിഎ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി യു.ടി അബൂബക്കർ, വി.കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് പി. ഇഫ്തിക്കറുദ്ധീൻ, എം.ടി മുഹമ്മദ്, പി.എം ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ ഡോ. പ്രവീൺ, സുബൈർ, ഡോ. പ്രദീപ് കുമാർ കറ്റോട്, കെ. ഷാം, ഡോ. അജിത് കുമാർ ഷെറീന ഇക്ബാൽ, അഫീല റസാക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.