
തിരൂർ :കെ. ദാമോദരന്റെ ജീവചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ‘കുട്ടികളുടെ ദാമോദരൻ’ എന്ന പുസ്തകമാണ് നാൽപ്പത്തൊൻപതാം ചരമവാർഷിക ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ പ്രകാശിതമായത്. കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. കെ ദാമോദരൻ്റെ സഹാേദര പത്നി വി സി കമലം പുസ്തകം ഏറ്റുവാങ്ങി. സാജി സോമനാഥ് അധ്യക്ഷനായി.കെ ദാമോദരൻ്റെ മകനും ഭാഷാശാസ്ത്രജ്ഞനുമായ ഡോ. കെ പി മോഹനൻ മുഖ്യാതിഥിയായിരുന്നു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രൊഫസർ ഡോ. ഷംസാദ് ഹുസൈൻ പുസ്തകം പരിചയപ്പെടുത്തി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് എ ശിവദാസൻ, ഗായകൻ ഫിറോസ്ബാബു, അഡ്വ. പി ഹംസക്കുട്ടി, അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. ടി പി ജബ്ബാർ, പി പി ലക്ഷമണൻ, അഡ്വ.രാജേഷ് പുതുക്കാട് തുടങ്ങിയവർ സംസാരിച്ചു. സി മോഹനൻ സ്വാഗതവും കെ സുബീഷ്ണ നന്ദിയും പറഞ്ഞു.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. രാജേഷ് പുതുക്കാട് രചിച്ച പുസ്തകം പ്രസിദ്ധീകരിച്ചത് തിരൂർ സാംസ്കാരിക സഹകരണ സംഘമാണ്. ആദ്യ മലയാളി കമ്യൂണിസ്റ്റും 9 വർഷത്തിലധികം ജയിലിൽ കിടന്ന സ്വാതന്ത്ര്യ സമര സേനാനിയും പാർലമെന്റംഗവും സൈദ്ധാന്തികനും പാട്ടബാക്കിയുടെ കർത്താവുമായ കെ ദാമോദരൻ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച നാലു പേരിൽ ഒരാളാണ്. 1912 ഫെബ്രുവരി 26 ന് തിരൂരിലെ കീഴേടത്ത് തറവാട്ടിലാണ് ജനിച്ചത്. മുപ്പതിലധികം പുസ്തകങ്ങൾ രചിച്ച കെ ദാമോദരൻ പൊന്നാനി ബീഡി തൊഴിലാളി സമരം, കോഴിക്കോട്ടെ തൊഴിലാളി സമരങ്ങൾ, മലബാറിലെ കർഷക സമരങ്ങൾ, ആലപ്പുഴയിലെ കയർ തൊഴിലാളി സമരം, തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭം എന്നിവയ്ക്ക് നേതൃത്വം നൽകി. ആദ്യത്തെ ഗ്രന്ഥശാലാ സംഘം സെക്രട്ടറിയായി.സി പി ഐ യുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു. 1976 ജൂലൈ 3 ന് ഡൽഹിയിൽ വച്ചാണ് മരിച്ചത്.
Leave a Reply